ഗൂഗിൾ മാപ്പിെൻറ അടിസ്ഥാനത്തിൽ വാഹന വാടക: ഉത്തരവു റദ്ദാക്കി
text_fieldsകൊച്ചി: വാഹന വാടക നിശ്ചയിക്കാൻ ഗൂഗിൾ മാപ്പിെൻറ അടിസ്ഥാനത്തിൽ ദൂരം കണക്കാക്കിയ കൃഷി ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ഹൈകോടതി റദ്ദാക്കി.
കൃഷി ഭവനുകളിലും ഫാമുകളിലും വിത്തുകൾ എത്തിച്ചതിന് ഗൂഗിൾ മാപ്പിലൂടെ ദൂരം നിർണയിച്ച് വാഹനവാടക നിശ്ചയിച്ച അഡീ. ഡയറക്ടറുടെയും സംസ്ഥാന വിത്ത് വികസന അതോറിറ്റിയുടെയും ഉത്തരവുകളാണ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.
കരാറുകാരനായ തൃശൂർ അന്തിക്കാട് സ്വദേശി എം.വി. രാമചന്ദ്രൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കരാറുകാരന് നൽകാനുള്ള അധികതുകയായ 20.68 ലക്ഷം ഒരുമാസത്തിനകം നൽകാനും ഉത്തരവിട്ടു.
2015-16ലാണ് വിത്തു വികസന അതോറിറ്റിയിൽനിന്ന് കൃഷി ഭവനുകളിലേക്കും ഫാമുകളിലേക്കും വിത്തുകളെത്തിക്കാൻ ഹരജിക്കാരൻ കരാറെടുത്തത്. കരാറിെൻറ കാലാവധി പിന്നീട് നീട്ടി. വാഹന വാടകയായി 1.45 കോടിയുടെ ബിൽ നൽകിയപ്പോൾ 1.25 കോടി മാത്രമാണ് അനുവദിച്ചത്.
ഇതിനെതിരെ പരാതി നൽകിയപ്പോൾ ഇൻറർനെറ്റിലും ഗൂഗിൾ മാപ്പിലുമായി ദൂരം പരിശോധിച്ചാണ് തുക നിശ്ചയിക്കുന്നതെന്നും ഇതനുസരിച്ചാണ് 1.25 കോടിയായി വെട്ടിക്കുറച്ചതെന്നുമായിരുന്നു വിശദീകരണം. തുടർന്നാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്. 2015-16ൽ കരാറുണ്ടാക്കുമ്പോൾ ദൂരം നിശ്ചയിക്കുന്നത് ഗൂഗിൾ മാപ്പിലൂടെയോ ഇൻറർനെറ്റിലൂടെയോ ആയിരിക്കുമെന്ന് പറഞ്ഞില്ലെന്നായിരുന്നു ഹരജിക്കാരെൻറ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.