ടൂറിസ്റ്റ് കാരവനുകളുടെ വാഹനനികുതി 50 ശതമാനം കുറച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ സര്‍വിസ് നടത്തുന്ന കാരവനുകളുടെ ത്രൈമാസ നികുതി മോട്ടോര്‍വാഹന വകുപ്പ് 50 ശതമാനം കുറച്ചു. 1000 രൂപയില്‍ നിന്ന് 500 രൂപയായി കുറയും. 2022 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യം ഉണ്ടാകും. ടൂറിസം വകുപ്പുമായുള്ള കാരവനുകളുടെ കരാർ വിവരങ്ങള്‍ ടൂറിസം ഡയറക്ടര്‍ നല്‍കണമെന്ന് ഗതാഗതവകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.
കാരവനുകള്‍ക്ക് കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റും ഗതാഗത വാഹന വിഭാഗ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. കരാര്‍ അവസാനിപ്പിക്കുന്ന കാരവനുകളുടെ വിശദാംശങ്ങള്‍ ടൂറിസം ഡയറക്ടര്‍ ഗതാഗതവകുപ്പിന് നല്‍കണം. കരാര്‍ തീരുന്ന കാലയളവ് മുതൽ സാധാരണ നിരക്കില്‍ നികുതി അടക്കണം.
കാരവന് ഓപറേറ്റര്‍മാര്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തതിലൂടെ കേരളത്തിന്റെ കാരവന് ടൂറിസം നയത്തിന് തുടക്കത്തില്‍ തന്നെ ശ്രദ്ധ നേടാനായെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. 50 ശതമാനം നികുതി കുറച്ചത് സംരംഭത്തിന് കൂടുതല്‍ പ്രോത്സാഹനമേകാനും കോവിഡിനുശേഷമുള്ള വിനോദസഞ്ചാരമേഖലയുടെ പുനരുജ്ജീവന വേഗം വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലേക്ക് കൂടുതല്‍ കാരവനുകള്‍ എത്താൻ നിരക്കിളവ് സഹായകമാകുമെന്ന് ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.