വാഹനം കൃത്യസമയത്ത് നന്നാക്കിയില്ല; വർക്ഷോപ് മാനേജർ 2.12 ലക്ഷം നൽകാൻ വിധി
text_fieldsറാന്നി: വാഹനം യഥാസമയം നന്നാക്കി നല്കാഞ്ഞതുമൂലം വ്യാപാരത്തില്‍ നഷ്ടമുണ്ടായതിന് വര്‍ക്ഷോപ് മാനേജർ 2.12ലക്ഷം നഷ്ടപരിഹാരം നല്കാന് വിധി.എറണാകുളം തായിക്കാട്ടുകര പോത്തന്‍സ് ഓട്ടോ വര്‍ക്ഷോപ് മാനേജര്‍ക്കെതിരെ പത്തനംതിട്ട ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറമാണ് വിധി പ്രഖ്യാപിച്ചത്.
വെച്ചൂച്ചിറ കൊല്ലമുള കരിപ്ലാമറ്റത്തില്‍ മിനി ജോസഫ് നല്കിയ പരാതിയിലാണ് വിധി. പരാതിക്കാരുടെ ഉടമസ്ഥതയിലുള്ള മരിയ ഫിഷ് മാർട്ടില്‍ ഉപയോഗിച്ചിരുന്ന മഹീന്ദ്ര കമ്പനിയുടെ ബൊലീറോ വാഹനം അപകടത്തിൽപെട്ടതിനെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം.
മഹീന്ദ്ര കമ്പനി നിർദേശിച്ച വർക്ഷോപ്പിൽ വാഹനം നന്നാക്കാൻ ഏൽപിച്ചു. രണ്ടാഴ്ചക്കകം വാഹനം നന്നാക്കി നൽകാമെന്ന് വർക്ഷോപ് അധികൃതർ ഉറപ്പുനൽകിയിരുന്നു.ഹരജികക്ഷിയും കുടുംബവും നീണ്ടകരയിൽനിന്ന് ദിവസവും മീൻകൊണ്ടുവന്ന് വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്.
പറഞ്ഞസമയത്ത് വാഹനം പണിതീർത്തു കൊടുക്കാത്തതിനാൽ 100 ദിവസത്തിലധികം മറ്റൊരു വാഹനം 4000 രൂപ ദിവസ ചെലവിൽ മീൻ ബിസിനസ് നടത്തുന്നതിന് വാടകക്ക് ഉപയോഗിക്കുകയുണ്ടായി. യഥാസമയം വാഹനം പണിതീർത്തു കൊടുത്തിരുന്നുവെങ്കിൽ നാലുലക്ഷം രൂപയോളം ഹരജികക്ഷിക്ക് ചെലവാകുകയില്ലായിരുന്നു.
വർക്ഷോപ് ഉടമയുടെ ഭാഗത്തുനിന്ന് സർവിസിെൻറ അപര്യാപ്തതയും ഗുരുതരമായ വീഴ്ചയുമാണ് ഉണ്ടായതെന്ന വാദവും തെളിവുകളും പരിശോധിച്ച കോടതി ദിവസം 2000 രൂപവെച്ച് 100 ദിവസത്തേക്ക് ചെലവായി രണ്ടുലക്ഷം രൂപ പരാതിക്കാരന് നൽകാനും നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവിലേക്കായി 2000 രൂപയും നൽകാനും ഉത്തരവിടുകയായിരുന്നു.
കമീഷൻ പ്രസിഡൻറ് ബേബിച്ചൻ വെച്ചൂച്ചിറ, മെംബർമാരായ എൻ. ഷാജിത ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.