ഗോവ ഗവർണർക്ക് യാത്രാസുരക്ഷ ഒരുക്കുന്നതിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ചു
text_fieldsപരപ്പനങ്ങാടി: ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ളയുടെ വാഹനം കടന്നുപോകാനുള്ള റോഡ് സുരക്ഷ ഒരുക്കുന്നതിനിടെ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു. പരപ്പനങ്ങാടി കൊടപ്പാളിയിലെ കടലുണ്ടി റോഡിലാണ് സംഭവം. പൊലീസിന്റെ വാഹന പരിശോധനയാണെന്ന് ധരിച്ച ഗുഡ്സ് ഓട്ടോറിക്ഷ പെട്ടെന്ന് വെട്ടിച്ച് തിരിച്ചുപോകാനുള്ള ശ്രമത്തിനിടെയാണ് പിറകിലുണ്ടായിരുന്ന രണ്ടു കാറും ഒരു വാനും തമ്മിൽ കൂട്ടിയിടിച്ചത്.
മേപ്പയൂർ കീഴരിയൂരിലെ കളരിനിലത്ത് വീട്ടിൽ അസീസ്, ചേളാരി സ്വദേശി നൂറുദ്ദീൻ എന്നിവരുടെ കാറുകളും എറണാകുളം രജിസ്ട്രേഷനുള്ള വാനും തമ്മിലാണ് കൂട്ടിയിടിച്ചത്.അതേസമയം, അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായം തേടിയപ്പോൾ പൊലീസ് സഹകരിച്ചില്ലെന്നും തങ്ങൾ ഗവർണറുടെ യാത്രയുമായി ബന്ധപ്പെട്ട വി.ഐ.പി സുരക്ഷ ഡ്യൂട്ടിയിലായിരുന്നെന്നും പറഞ്ഞ് കയ്യൊഴിയുകയായിരുന്നെന്നും കാറിലുണ്ടായിരുന്ന മേപ്പയൂർ സ്വദേശി കെ.എൻ. അസീസ് പറഞ്ഞു.
എന്നാൽ, പരപ്പനങ്ങാടി പൊലീസിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു അനുഭവമുണ്ടായിട്ടില്ലെന്ന് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ ഓഫിസർ കെ.ജെ. ജിനേഷ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ യാത്രികർ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.