എ.ഐ കാമറയിൽ കുടുങ്ങിയത് 10 എം.പിമാരുടെയും 19 എം.എൽ.എമാരുടെയും വാഹനങ്ങൾ
text_fieldsതിരുവനന്തപുരം: ഒരു മാസത്തിനിടെ ഗതാഗത നിയമലംഘനം നടത്തിയതിന് പിഴയീടാക്കിയത് എം.പിമാരുടെ 10 വാഹനങ്ങൾക്കും എം.എൽ.എമാരുടെ 19 വാഹനങ്ങൾക്കും. ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.
ഒരേ ജനപ്രതിനിധിയുടെ വാഹനം തന്നെ അഞ്ചും ആറും പ്രാവശ്യം നിയമലംഘനം നടത്തിയിട്ടുണ്ട്. ജനപ്രതിനിധി ഉള്ളപ്പോഴാണോ ഇല്ലാത്തപ്പോഴാണോ നിയമലംഘനമെന്ന് അറിയില്ല. വി.ഐ.പികളെ പിഴയിൽ നിന്ന് ഒഴിവാക്കുന്നു എന്ന ആരോപണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. 328 സർക്കാർ വാഹനങ്ങൾക്കും പിഴ ചുമത്തിയിട്ടുണ്ട്.
ജൂലൈയിൽ ഇ-ചലാനിലൂടെ 25.81 കോടി രൂപയുടെ പിഴയാണ് നിയമലംഘനങ്ങൾക്ക് ചുമത്തിയത്. എന്നാൽ, 3.34 കോടി പിഴയാണ് അടച്ചിട്ടുള്ളത്. ബാക്കി അടച്ചുകൊണ്ടിരിക്കുകയാണ്. ജൂലൈയിൽ 2,55,728 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ജൂണിലേക്കാൾ കൂടുതലാണിത്.
ഇനി മുതൽ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കാൻ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ അടച്ചുതീർക്കണമെന്ന് ആന്‍റണി രാജു പറഞ്ഞു. നിലവിലുള്ള പിഴ പൂർണ്ണമായി അടച്ചവർക്ക് മാത്രമേ ഇൻഷുറൻസ് പുതുക്കി നൽകൂ. ഇതിനായി ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.