വാഹനങ്ങൾ മണിക്കൂറുകൾ തടഞ്ഞിട്ടു; പ്രതിഷേധവുമായി ശബരിമല തീർഥാടകർ
text_fieldsമുണ്ടക്കയം: ശബരിമലയിലെ തിരക്ക് കുറക്കാൻ മുണ്ടക്കയത്ത് അയ്യപ്പഭക്തരുടെ വാഹനം തടഞ്ഞിട്ടത് മണിക്കൂറുകളോളം. പ്രതിഷേധവുമായി തീർത്ഥാടകർ.ക്രിസ്മസ് ദിനത്തിൽ പുലർച്ച ഒന്നുമുതൽ തീർഥാടക വാഹനങ്ങൾ മുണ്ടക്കയത്തും മുപ്പത്തിയഞ്ചാംമൈലിലുമാണ് മണിക്കൂറുകളോളം തടഞ്ഞുനിർത്തിയത്. പലസ്ഥലങ്ങളിലും തീർഥാടകർക്ക് കുടിക്കാൻ വെള്ളമോ ഭക്ഷണമോ പ്രാഥമിക സൗകര്യമോ ലഭിച്ചില്ല.
കുട്ടിക്കാനം മുതൽ അനന്തമായി നീണ്ട ക്യൂവിൽ കുട്ടികളും സ്ത്രീകളും അടക്കമുള്ളവർ വിഷമിച്ചു. റോഡിൽ ഇറങ്ങിയ സ്വകാര്യ വാഹനങ്ങളും കുരുക്കിൽപെട്ടു. വാഹനങ്ങൾ മുന്നോട്ട് പോകാത്തതിൽ പ്രതിഷേധിച്ച് മുണ്ടക്കയം കോസ്വേ പാലത്തിൽ പുലർച്ച 4.30 മുതൽ തീർഥാടകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സമാന സംഭവം മുപ്പത്തിയഞ്ചാംമൈലിലും ഉണ്ടായി. ദേശീയപാതയിലും സ്വാമിമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് അപമര്യാദയായി പെരുമാറിയതായി തീർഥാടകർ ആരോപിച്ചു.
നാമമാത്രമായിരുന്ന പൊലീസുകാരും ചുക്കുകാപ്പി വിതരണത്തിൽ ഏർപ്പെട്ടിരുന്ന സേവാഭാരതി പ്രവർത്തകരുമാണ് പുലർച്ച 10 വരെ ഗതാഗത നിയന്ത്രണത്തിലുണ്ടായിരുന്നത്. റോഡ് ഗതാഗതം തടസ്സപ്പെട്ടത് നാട്ടുകാരിലും പ്രതിഷേധത്തിനിടയാക്കി. ക്രിസ്മസ് ദിനത്തിൽ ദേവാലയത്തിൽ പോകാനിറങ്ങിയ വിശ്വാസികളും ഗതാഗതക്കുരുക്കിലകപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.