ഫാൻസി നമ്പർ ലേലം നടക്കുന്നതുവരെ താൽക്കാലിക നമ്പറിൽ വാഹനം ഓടിക്കാൻ അനുവദിക്കണം -ഹൈകോടതി
text_fieldsകൊച്ചി: ആഗ്രഹിക്കുന്ന ഫാൻസി നമ്പറിനുവേണ്ടിയുള്ള ലേലം നടക്കുന്നതുവരെ താൽക്കാലിക രജിസ്ട്രേഷൻ നമ്പറിൽ പുതിയ വാഹനം ഓടിക്കാൻ ഉടമക്ക് അനുമതി നൽകണമെന്ന് വാഹന വകുപ്പിന് ഹൈകോടതി നിർദേശം. എറണാകുളം വടുതല സ്വദേശിനി പ്രൈസി ജോസഫിനാണ് പുതിയ കാർ താൽക്കാലിക രജിസ്ട്രേഷൻ നമ്പറിൽ ഓടിക്കാൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അനുമതി നൽകിയത്.
അടുത്തിടെ വാങ്ങിയ പുതിയ കാറിന് മുമ്പുണ്ടായിരുന്ന വാഹനത്തിന്റെ അതേ നമ്പറായ 5252 എന്ന ഫാൻസി നമ്പർ ലഭിക്കണമെന്നാണ് ഹരജിക്കാരി ആഗ്രഹിക്കുന്നത്. ഭർത്താവിന്റെയും മകളുടെയും വാഹനത്തിന്റെ നമ്പറും ഇത് തന്നെയാണ്. എന്നാൽ, ഈ നമ്പർ അനുവദിക്കുന്നതിനുള്ള ഫാൻസി നമ്പർ ലേലം മൂന്നുമാസത്തിനുശേഷമേ നടക്കൂ. അതുവരെ താൽക്കാലിക രജിസ്ട്രേഷനിൽ വാഹനമോടിക്കാനുള്ള അനുമതി തേടിയാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്.
നികുതിയും ഇൻഷുറൻസും മറ്റും അടച്ചെങ്കിലും താൽക്കാലിക രജിസ്ട്രേഷനിൽ ഓടിക്കാനാവില്ലെന്ന് വ്യക്തമാക്കി വാഹനം ഹരജിക്കാരിക്ക് കൈമാറിയിട്ടില്ല. മോട്ടോർ വാഹന നിയമത്തിൽ താൽക്കാലിക രജിസ്ട്രേഷന് അനുമതിയുള്ളപ്പോൾ വാഹനം നിരത്തിലിറക്കാനാകില്ലെന്ന നിലപാട് അനീതിയാണെന്ന് കോടതി വിലയിരുത്തി.
ഇഷ്ടപ്പെട്ട നമ്പർ മൂന്നുമാസത്തിനുശേഷമേ ലഭിക്കൂവെന്നിരിക്കെ ഫാൻസി നമ്പർ ആഗ്രഹിക്കുന്നവർ വാഹനം വാങ്ങിയശേഷം നിരത്തിലിറക്കാൻ അനിശ്ചിതമായി കാത്തിരിക്കണമെന്ന് പറയുന്നത് വിവേചനമാണ്. ഹരജിക്കാരിയുടെ വാഹനം താൽക്കാലിക രജിസ്ട്രേഷൻ നമ്പറിൽ കൈമാറാനും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.