ഈഴവരുടെ പ്രാതിനിധ്യക്കുറവിന് മുസ്‍ലിം സമുദായത്തിന്റെ തലയിൽ കയറി വെള്ളാപ്പള്ളി ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പിനെ സഹായിക്കുന്നു -സോളിഡാരിറ്റി
text_fieldsഈഴവ സമുദായത്തിന്റെ പ്രാതിനിധ്യക്കുറവിന് മുസ്‍ലിം സമുദായത്തിന്റെ തലയിൽ കയറുക വഴി ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പിനെ സഹായിക്കുകയാണ് വെള്ളാപ്പള്ളി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്. അനർഹമായി മുസ്‍ലിം സമുദായം പലതും നേടിയെടുക്കുന്നെന്ന് സംഘ്പരിവാറും ക്രിസംഘികളും പ്രചരിപ്പിക്കുന്നതിന്റെ തുടർച്ചയാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനകളെന്നും യഥാർത്ഥത്തിൽ ആരാണ് അധികാരസ്ഥാനങ്ങളും സ്ഥാപനങ്ങളും കൈയടക്കി വെച്ചിട്ടുള്ളതെന്ന് കണക്കുകൾ കൃത്യമായി സംസാരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഒരു മേഖലയിലും ജനസംഖ്യാനുപാതികമായി പ്രാതിനിധ്യമില്ലാത്തവരാണ് മുസ്‌ലിം സമുദായം. അതൊരു യാഥാർഥ്യമായിരിക്കെ മുസ്‍ലിം സമുദായം അനർഹമായി പലതും നേടുന്നെന്ന നിലവിളി ആരുടെ താൽപര്യങ്ങളെ സംരക്ഷിക്കാനാണെന്നത് വ്യക്തമാണ്. ഇത്തരം പ്രചരണങ്ങളെ തിരുത്തേണ്ടവർ മൗനം പാലിക്കുന്നത് താൽക്കാലിക രാഷ്ട്രീയ താൽപര്യങ്ങൾ മുന്നിൽകണ്ടാണ്. ഹിന്ദുക്കളിലെ നായന്മാർക്കും സവർണർക്കും ക്രൈസ്തവരിലെ സവർണർക്കുമാണ് ഭൂരിപക്ഷ അധികാര സ്ഥാനങ്ങളും പദവികളും സ്ഥാപനങ്ങളും ലഭിച്ചിട്ടുള്ളത്. അവരാണ് യഥാർഥത്തിൽ ഈഴവരുടെയും ദലിതരുടെയും പിന്നാക്ക ക്രൈസ്തവരുടെയും അവകാശങ്ങളെ തട്ടിയെടുത്തിട്ടുള്ളത്. ധൈര്യമുണ്ടെങ്കിൽ അധികാരത്തിന്റെ സർവ മേഖലകളെയും കൈയടക്കി വെച്ചിരിക്കുന്ന സവർണ സമുദായത്തെയും എൻ.എസ്.എസിനെയും കുറിച്ച് സംസാരിക്കുകയാണ് വെള്ളാപ്പള്ളി ചെയ്യേണ്ടത്. അല്ലാതെ മുസ്‍ലിം സമുദായത്തിനെതിരെ പ്രചാരണം നടത്തി നിലവിലുള്ള ഇസ്‌ലാമോഫോബിയ പൊതുബോധത്തെ ശക്തിപ്പെടുത്തുകയല്ല വേണ്ടത്. മുസ്‍ലിംകൾക്കും ഈഴവർക്കുമിടയിൽ നിലനിൽക്കുന്ന സൗഹാർദത്തെ തകർക്കുകയും കേരളത്തിൽ സംഘ്പരിവാറിന് രാഷ്ട്രീയാധികാരം നേടിക്കൊടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് തങ്ങൾക്ക് തന്നെ തിരിച്ചടിയാകുമെന്ന് എസ്.എൻ.ഡി.പി തിരിച്ചറിയണം. പിന്നാക്ക ജാതിക്കാരും മുസ്‍ലിം സമുദായവുമൊക്കെ ഒന്നിച്ച് നടത്തേണ്ട പോരാട്ടത്തെ ദുർബലപ്പെടുത്തി സംഘ്പരിവാറിന്റെ അജണ്ടകളെ വിജയിപ്പിക്കുന്ന നിലപാടുകൾ തിരുത്തണമെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഈഴവ സമുദായത്തിന്റെ പ്രാതിനിധ്യക്കുറവിന് മുസ്‍ലിം സമുദായത്തിന്റെ തലയിൽ കയറുക വഴി ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പിനെ സഹായിക്കുകയാണ് വെള്ളാപ്പള്ളി ചെയ്തുകൊണ്ടിരിക്കുന്നത്. അനർഹമായി മുസ്‍ലിം സമുദായം പലതും നേടിയെടുക്കുന്നെന്ന് സംഘ്പരിവാറും ക്രിസംഘികളും പ്രചരിപ്പിക്കുന്നതിന്റെ തുടർച്ചയാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ. യഥാർത്ഥത്തിൽ ആരാണിവിടെ അധികാരസ്ഥാനങ്ങളും സ്ഥാപനങ്ങളും കൈയടക്കി വെച്ചിട്ടുള്ളതെന്ന് കണക്കുകൾ കൃത്യമായി സംസാരിക്കും. ഒരു മേഖലയിലും ജനസംഖ്യാനുപാതികമായി പ്രാതിനിധ്യമില്ലാത്തവരാണ് മുസ്‌ലിം സമുദായം. ഈഴവരെ പോലെ തന്നെ വിവേചനമനുഭവിക്കുന്നവർ. അതൊരു യാഥാർഥ്യമായിരിക്കെ മുസ്‍ലിം സമുദായം അനർഹമായി പലതും നേടുന്നെന്ന നിലവിളി ആരുടെ താൽപര്യങ്ങളെ സംരക്ഷിക്കാനാണെന്നത് വ്യക്തമാണ്. ഇത്തരം പ്രചരണങ്ങളെ തിരുത്തേണ്ടവർ മൗനം പാലിക്കുന്നത് താൽക്കാലിക രാഷ്ട്രീയ താൽപര്യങ്ങൾ മുന്നിൽകണ്ടാണ്.
യഥാർത്ഥത്തിൽ ഇവിടെ സംഭവിക്കുന്നതെന്താണ്? ഹിന്ദുക്കളിലെ നായന്മാർക്കും സവർണർക്കും ക്രൈസ്തവരിലെ സവർണർക്കുമാണ് ഇവിടുത്തെ ഭൂരിപക്ഷ അധികാര സ്ഥാനങ്ങളും പദവികളും സ്ഥാപനങ്ങളും ലഭിച്ചിട്ടുള്ളത്. അവരാണ് യഥാർഥത്തിൽ ഈഴവരുടേയും ദലിതരുടെയും പിന്നാക്ക ക്രൈസ്തവരുടെയും അവകാശങ്ങളെ തട്ടിയെടുത്തിട്ടുള്ളത്. ധൈര്യമുണ്ടെങ്കിൽ അധികാരത്തിന്റെ സർവ മേഖലകളെയും കൈയടക്കി വെച്ചിരിക്കുന്ന സവർണ സമുദായത്തെയും എൻ.എസ്.എസിനെയും കുറിച്ച് സംസാരിക്കുകയാണ് വെള്ളാപ്പള്ളി ചെയ്യേണ്ടത്. അല്ലാതെ മുസ്‍ലിം സമുദായത്തിനെതിരെ പ്രചാരണം നടത്തി നിലവിലുള്ള ഇസ്‌ലാമോഫോബിയ പൊതുബോധത്തെ ശക്തിപ്പെടുത്തുകയല്ല വേണ്ടത്.
യഥാർത്ഥ പ്രാതിനിധ്യ പ്രശ്നമാണ് വെള്ളാപ്പള്ളി ഉയർത്താൻ ആഗ്രഹിക്കുന്നതെങ്കിൽ സത്യസന്ധമായി കാര്യങ്ങളെ വിലയിരുത്താനാണ് അദ്ദേഹം തയാറാകേണ്ടത്. അദ്ദേഹത്തിന്റെ ലേഖനത്തിൽ തന്നെ പരാമർശിച്ചിരിക്കുന്ന വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, വ്യവസായം, ധനകാര്യം തുടങ്ങിയ വകുപ്പുകൾ ഇപ്പോൾ നായർ സമുദായ അംഗങ്ങളാണ് കൈകാര്യം ചെയ്തു പോരുന്നത്. എന്തുകൊണ്ടാണ് വെള്ളാപ്പള്ളി ഇതിനെ കുറിച്ച് മിണ്ടാത്തത്. സംസ്ഥാന മന്ത്രിസഭ, നിയമസഭ - ലോക്സഭ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച സ്ഥാനാർഥികൾ, അതിൽ വിജയിച്ചവർ, കേരളത്തിലെ യൂനിവേഴ്‌സിറ്റികളിലെ വി.സി, പ്രോ-വി.സി, രജിസ്ട്രാർ, കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ്, ഫിനാൻസ് ഹെഡ് തുടങ്ങിയ സുപ്രധാന തസ്തികകൾ, മന്ത്രിമാരുടെ പേഴ്സ്നൽ സ്റ്റാഫ് തുടങ്ങി ഏതൊക്കെ അധികാര മേഖലകൾ ഉണ്ടോ അതിലെല്ലാം സുതാര്യമായ കണക്കെടുപ്പ് നടക്കട്ടെ. മുസ്‌ലിം സമൂഹത്തിന് ജനസംഖ്യാനുപാതികത്തിനും അപ്പുറത്ത് വല്ലതും ലഭിച്ചിട്ടുണ്ടെങ്കിൽ അത് വിട്ടുതരാൻ കേരളത്തിലെ ഏതെങ്കിലും മുസ്‌ലിം സംഘടന ഒരിക്കലും തടസ്സം നിൽക്കുകയില്ല. മറിച്ച്, ആ മേഖലകളിൽ സർവതും കൈയടക്കി വെച്ചിരിക്കുന്ന മുന്നാക്ക-സവർണ സമുദായങ്ങൾ അത് വിട്ടുകൊടുക്കാൻ തയ്യാറാകുമോ, ആ യാഥാർഥ്യം വിളിച്ചു പറയാൻ വെള്ളാപ്പള്ളി തയാറാകുമോ എന്നതാണ് ഇവിടുത്തെ ചോദ്യം.
നായർ സമുദായത്തിൽ നിന്നും എട്ടു പേരുണ്ടായിരുന്ന കേരളത്തിന്റെ മന്ത്രിസഭയിലേക്ക് കെ.ബി ഗണേഷ്‌കുമാര്‍ കൂടി വന്നതോടെ അത് ഒമ്പതായി മാറി. ചീഫ് വിപ്പുമാര്‍ക്കും കാബിനറ്റ് പദവിയുള്ളതുകൊണ്ടു തന്നെ നിലവിലെ സര്‍ക്കാര്‍ ചീഫ് വിപ്പിനെ കൂടി കണക്കില്‍ കൂട്ടിയാല്‍ കേരളത്തില്‍ കാബിനറ്റ് റാങ്കുള്ള 22 പേരില്‍ പത്തുപേരും നായർ സമുദായത്തിൽ നിന്നാണ്.
ഇതൊക്കെയാണ് യാഥാർഥ്യമെന്നിരിക്കെ തെറ്റായ പ്രചാരണങ്ങൾ ആരുടെ താൽപര്യങ്ങളെയാണ് സംരക്ഷിക്കുക എന്നത് വ്യക്തമാണ്. മുസ്‍ലിംകൾക്കും ഈഴവർക്കുമിടയിൽ നിലനിൽക്കുന്ന സൗഹാർദത്തെ തകർക്കുകയും കേരളത്തിൽ സംഘ്പരിവാറിന് രാഷ്ട്രീയാധികാരം നേടിക്കൊടുക്കാനും ശ്രമിക്കുന്നത് തങ്ങൾക്ക് തന്നെ തിരിച്ചടിയാകുമെന്ന് എസ്.എൻ.ഡി.പി തിരിച്ചറിയണം. സംഘ്പരിവാറിന്റെ സവർണ താൽപര്യങ്ങൾ ഒരിക്കലും ആത്യന്തികമായി പിന്നാക്ക ജാതിക്കാരെ സഹായിക്കില്ല. പിന്നാക്കക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിലവിൽ കേരളത്തിലെ ഒരു മുന്നണികളും പുലർത്തുന്ന സവർണ താൽപര്യങ്ങളെ തിരുത്തുന്ന ഇടപെടലുകളാണ് നടത്തേണ്ടത്. പിന്നാക്ക ജാതിക്കാരും മുസ്‍ലിം സമുദായവുമൊക്കെ ഒന്നിച്ച് നടത്തേണ്ട പോരാട്ടത്തെ ദുർബലപ്പെടുത്തി സംഘ്പരിവാറിന്റെ അജണ്ടകളെ വിജയിപ്പിക്കുന്ന നിലപാടുകൾ തിരുത്തപ്പെടേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.