വെള്ളാപ്പള്ളി ആർ.എസ്.എസിന് ഒളിസേവ ചെയ്യുന്നു, വസ്തുതകൾ ബോധ്യപ്പെടുത്താൻ സർക്കാർ എന്തിന് മടിക്കുന്നു; രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം
text_fieldsകോഴിക്കോട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം. ആര്‍.എസ്.എസിനുള്ള ഒളിസേവയാണ് ഈഴവ സമുദായത്തെ ഹൈജാക്ക് ചെയ്യുക വഴി നടേശന്‍ നടത്തുന്നതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ഈഴവർക്ക് അവകാശപ്പെട്ടത് മുസ്‌ലിംകളോ ക്രിസ്ത്യാനികളോ തട്ടിയെടുക്കുന്നുണ്ടെങ്കിൽ വെള്ളാപ്പള്ളി അത് തെളിയിക്കണം. അല്ലാതെ, സംഘ്പരിവാറിന്റെ നുണ ഉല്‍പാദക ഫാക്ടറികളെ നാണിപ്പിക്കും വിധമുള്ള അവാസ്തവങ്ങൾ കൊണ്ട് പൊതുസമൂഹത്തില്‍ ഛിദ്രത തീര്‍ക്കുകയല്ല വേണ്ടത്. ഈഴവര്‍ക്കെന്ന വ്യജേന സവര്‍ണ സമുദായങ്ങള്‍ക്കു വേണ്ടി വെള്ളാപ്പള്ളി സവർണർക്ക് വിടുപണി ചെയ്യുകയാണ്.
സമുദായ നേതാക്കളും ആര്‍.എസ്.എസ് അനുകൂലികളും ഇത്തരത്തില്‍ വ്യാജപ്രചാരണങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഇതൊക്കെ കഴമ്പില്ലാത്ത ആരോപണങ്ങളാണെന്ന് പറയാനോ വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനോ എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാർ മടിച്ചിരിക്കുന്നത്. നിരന്തരം വ്യാജം പറയുകയും കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ മലീമസമാക്കുകയും ചെയ്യുന്ന നടേശനെപ്പോലെയുള്ളവര്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ ആരാണ് സര്‍ക്കാരിനെ വിലക്കുന്നത്.
ജനസംഖ്യാനുപാതത്തിനു തുല്യമായോ അധികമായോ വല്ലതും ലഭിച്ചിട്ടുണ്ടെങ്കില്‍ അതൊക്കെ വിട്ടുകൊടുക്കാൻ മുസ്‌ലിം സമുദായത്തിന് ലവലേശം മടിയില്ല. മറിച്ചാണെങ്കില്‍ അനര്‍ഹമായ അധികാരങ്ങളൊഴിയാന്‍ അത് കൈയിൽവച്ചിരിക്കുന്നവർ തയാറാകുമോ? ആ ആവശ്യവുമായി ഈഴവപ്രേമം നടിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ രംഗത്തിറങ്ങുമോ?.
മൂന്നര കോടി വരുന്ന സംസ്ഥാന ജനസംഖ്യയില്‍ 26.56 ശതമാനമാണ് മുസ്‌ലിം പ്രാതിനിധ്യം. എന്നിട്ടും 21 അംഗ സംസ്ഥാന മന്ത്രിസഭയില്‍ രണ്ടു പേർ മാത്രമാണ് മുസ്‌ലിംകള്‍! വിദ്യാഭ്യാസരംഗത്തും സാമൂഹിക, സാമ്പത്തിക മേഖലകളിലും മുസ്‌ലിംകളുടെ അവസ്ഥ വ്യക്തമാക്കുന്ന ആധികാരിക രേഖയാണ് സച്ചാര്‍ സമിതി റിപ്പോര്‍ട്ട്. 2001ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ സമിതി നടത്തിയ പഠനത്തില്‍ സര്‍ക്കാര്‍_പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന മുസ്‌ലിംകളുടെ എണ്ണം ഹിന്ദു വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തുലോം കുറവാണെന്ന് കണ്ടെത്തുകയുണ്ടായി. ഒരു സര്‍ക്കാര്‍ വകുപ്പിലും 13 ശതമാനത്തിലധികം പ്രതിനിധ്യം മുസ്‌ലിംകള്‍ക്കില്ല. വാസ്തവം ഇതാണെന്നിരിക്കെയാണ് തങ്ങളുടെ അവസരങ്ങളെല്ലാം മുസ്‌ലിംകള്‍ തട്ടിക്കൊണ്ടുപോയെന്ന വെള്ളാപ്പള്ളിയുടെ കള്ളക്കരച്ചില്‍.
മൈക്രോഫിനാന്‍സ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകേസുകളില്‍ പ്രതിയായ ഒരാള്‍ എങ്ങനെയാണ് ഇത്ര സമര്‍ഥമായി അതില്‍ നിന്നെല്ലാം ഊരിപ്പോരുന്നത്. ഇത്രമേല്‍ അപരമതവിദ്വേഷം പടര്‍ത്തുന്ന വെള്ളാപ്പള്ളി നടേശനെ പോലെ ഒരാൾ എങ്ങനെയാണ് നവോത്ഥാന സമിതി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നത്. വോട്ടുബാങ്കിനെക്കുറിച്ചുള്ള ഭയമാണെങ്കില്‍ കേരളത്തിലെ 90 ശതമാനം ഈഴവരും വെള്ളാപ്പള്ളി നടേശന്റെയോ അദ്ദേഹം നേതൃത്വം നല്‍കുന്ന എസ്.എന്‍.ഡി.പിയുടെയോ തിട്ടൂരം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരോ ചിന്തിക്കുന്നവരോ അല്ലെന്ന വസ്തുതയെങ്കിലും ഇടതുപക്ഷ സര്‍ക്കാര്‍ മനസിലാക്കണം. വെള്ളാപ്പള്ളിയുടെ വിഷം ചീറ്റലില്‍ യു.ഡി.എഫ് നേതൃത്വം തുടരുന്ന മൗനവും കപടപരവും അപകടകരവും തന്നെയാണെന്നും മുഖപ്രസംഗം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.