ഗുരുവിന്‍റെ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നവർക്ക് സങ്കുചിത ചിന്തയോ വേർതിരിവോ ഉണ്ടാകില്ല -വെള്ളാപ്പള്ളി
text_fieldsതിരുവനന്തപുരം: ഗുരുവിന്‍റെ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നവർക്ക് സങ്കുചിതമായ ചിന്തകളും വേർതിരിവുകളും ഉണ്ടാകില്ലെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രശ്നങ്ങളിലും പ്രതിസന്ധികളിലും സങ്കടങ്ങളിലും താങ്ങും തുണയുമായി നിൽക്കുന്ന മനുഷ്യരാശിയാണ് നിലനിൽപ്പിന്‍റെ അടിസ്ഥാനം. ഗുരുവചനം ഉയർത്തിപ്പിടിച്ച് സമൂഹത്തിന്‍റെ നന്മക്കായി നിലകൊള്ളണമെന്ന് ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് മാധ്യമങ്ങളിലെഴുതിയ കുറിപ്പിൽ വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.
ജാതിയുടെയും മതത്തിന്‍റെയും തൊട്ടുകൂടായ്മയെ മറികടക്കാൻ അറിവ് ആയുധമാക്കാൻ ഉപദേശിച്ച ഗുരുവിന്‍റെ സമകാലിക പ്രസക്തി നാം തിരിച്ചറിയാതെ പോകരുത്. പരിസ്ഥിതി നാശങ്ങളുടെ കാലത്താണ് നാം ജീവിക്കുന്നത്. രണ്ട് തവണ മാഹാ പ്രളയം പോലുള്ള പ്രകൃതിക്ഷോഭങ്ങളെ നേരിട്ടവരാണ് നമ്മുടെ തലമുറ. ആ സന്ദർഭങ്ങളിലൊക്കെ എല്ലാത്തരം വിഭാഗീയതകളും മറന്ന് തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചതിന്‍റെ ഫലമായാണ് കെടുതികളെ അതിജീവിക്കാൻ കഴിഞ്ഞത്.
സമുദായത്തിന്‍റെ വളർച്ചക്കായി ഇത്രയധികം പ്രവർത്തിക്കാൻ തന്നെ പ്രാപ്തനാക്കിയത് ശ്രീനാരായണ ഗുരുവിന്‍റെ ദർശനങ്ങളാണെന്നും 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന ഗുരുവചനത്തിലധിഷ്ഠിതമായാണ് അന്നും ഇന്നും യോഗം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുരുസന്ദേശങ്ങളുടെ ധന്യതയിലേക്ക് ലോകത്തിലെ എല്ലാ മനുഷ്യരേയും നയിക്കുക എന്നതായിരിക്കണം ലക്ഷ്യമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.