ക്ഷേത്ര ദർശനം: ഷർട്ട് ഒഴിവാക്കുന്നത് അവസാനിപ്പിക്കണം -വെള്ളാപ്പള്ളി
text_fieldsമൂവാറ്റുപുഴ: ഭക്തന്മാർ ക്ഷേത്രദർശനം നടത്തുമ്പോൾ ഷർട്ട് ഒഴിവാക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗത്തിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇത് നടപ്പാക്കും. താൻ പ്രസിഡൻറായ കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ ഭക്തന്മാർ ദർശനം നടത്തുന്നത് ഷർട്ട് ധരിച്ചാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
‘‘മനുഷ്യ നന്മക്കായി നാം ചെയ്യുന്ന നല്ല പ്രവർത്തനത്തെയാണ് ദൈവം സ്വീകരിക്കുന്നത്. തന്ത്രിമാരിൽ ഒരു വിഭാഗം ഭക്തരെ ചൂഷണം ചെയ്യാൻ ശ്രമിക്കുകയാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതേപടി നിലനിർത്താനാണ് ഇവർ ശ്രമിക്കുന്നത്. ഏത് ശാസ്ത്രത്തിെൻറ പിൻബലത്തിലാണ് ഷർട്ട് ഉൗരി മാത്രമേ ക്ഷേത്രപ്രവേശനം നടത്താൻ പാടുള്ളൂവെന്ന് തന്ത്രിമാർ പറയുന്നത്. കേരളത്തിലല്ലാതെ മറ്റെവിടെയാണ് ഇൗ രീതി നിലനിൽക്കുന്നത്.’’ -വെള്ളാപ്പള്ളി പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂനിയന് കീഴിലുള്ള ശ്രീകുമാര ഭജന ദേവസ്വത്തിൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും സുബ്രഹ്മണ്യ സ്വാമിയുടെ പുനഃപ്രതിഷ്ഠയും നടത്തിയ ക്ഷേത്രങ്ങൾ ഭക്തർക്ക് സമർപ്പിച്ചശേഷം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനാനന്തരം വെള്ളാപ്പള്ളി നടേശനോടൊപ്പം നൂറുകണക്കിന് ഭക്തരും ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ ദർശനം നടത്തി. മറ്റ് ക്ഷേത്രങ്ങൾക്കും ഇൗ മാതൃക തുടരാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.