ഡോ. വന്ദനയെ സംരക്ഷിക്കാൻ ആരുമുണ്ടായില്ല; ഗുരുതര വീഴ്ചയെന്ന് വെള്ളാപ്പള്ളി നടേശൻ
text_fieldsആലപ്പുഴ: ഡോ. വന്ദന ദാസിന്‍റെ കൊലപാതകത്തിൽ രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംഭവം കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
വന്ദനയെ സംരക്ഷിക്കാൻ ആരും ഉണ്ടായില്ല. വീഴ്ച കണ്ടെത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. സംഭവത്തിൽ സംസ്ഥാന സർക്കാർ സമഗ്ര അന്വേഷണം നടത്തണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശി വന്ദന ദാസ് (22) ആണ് പൊലീസ് മെഡിക്കൽ പരിശോധനക്കെത്തിച്ച അടിപിടിക്കേസിലെ പ്രതി കുത്തി കൊലപ്പെടുത്തിയത്. കൊല്ലം അസീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥിയായിരുന്നു.
അടിപിടിക്കേസിൽ പിടിയിലായ സന്ദീപിനെ വൈദ്യപരിശോധനക്കാണ് ആശുപത്രിയിൽ എത്തിച്ചത്. അക്രമാസക്തനായ പ്രതി ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് ഡോക്ടറെ കുത്തുകയായിരുന്നു. കഴുത്തിലും മുഖത്തുമാണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ വന്ദനയെ തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സംഭവത്തിൽ പ്രതി നെടുമ്പനയിലെ യു.പി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) അറസ്റ്റ് ചെയ്തു. പൊലീസുകാർ ഉൾപ്പെടെ മറ്റ് നാല് പേർക്കും കുത്തേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.