സംസ്ഥാന തലത്തിൽ ഭൂരിപക്ഷ, ന്യൂനപക്ഷ കണക്കെടുക്കണം-വെള്ളാപ്പള്ളി
text_fieldsപന്തളം: സംസ്ഥാന തലത്തിൽ ഭൂരിപക്ഷ - ന്യൂനപക്ഷ കണക്കെടുപ്പ് നടത്തണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗം പന്തളം യൂണിയനിലെ 978-ാം നമ്പർ മുടിയൂർക്കോണം ശാഖയിൽ കൃഷ്ണശിലയിൽ നിർമ്മിച്ച ഗുരുദേവ പ്രതിഷ്ഠയ്ക്കു ശേഷം ക്ഷേത്ര സമർപ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണക്കെടുപ്പ് നടത്തിയാൽ ഹിന്ദു വിഭാഗം ന്യൂനപക്ഷമാണെന്നും ഇപ്പോഴത്തെ ന്യൂനപക്ഷ വിഭാഗം ഭൂരിപക്ഷമാണെന്നും കാണാൻ കഴിയും. കണക്കെടുപ്പ് ആവശ്യപ്പെടുന്നത് മറ്റ് സമുദായങ്ങളുടെ അവകാശങ്ങൾ പിടിച്ചുപറ്റാനോ ദ്രോഹിക്കാനോ അല്ല. സമുദായ നീതി എല്ലാവർക്കും ലഭിക്കണം. അധികാരം, വിദ്യാഭ്യാസം, സാമ്പത്തികം എന്നീ മേഖലകളിൽ അർഹമായ പ്രതിനിധ്യം ലഭിക്കണം. രാജ്യത്തിന്റെ വിഭവങ്ങൾ പങ്കിടുമ്പോൾ ജനസംഖ്യാനുപാതികമായ നീതിയും ധർമ്മവും എല്ലാവർക്കും കിട്ടാതെ വരുന്നു. ജാതി ചിന്തയുണ്ടാകാൻ കാരണം ജാതി വിവേചനമാണ്. ആദിവാസി മുതൽ നമ്പൂതിരി വരെയുളളവരുടെ കൂട്ടായ്മ അനിവാര്യമാണ്. ഈ നിലപാടിൽ നിന്ന് ഒരിഞ്ചു പോലും യോഗം പിന്നോട്ടുപോയിട്ടില്ലെന്നും വെളളാപ്പളളി പറഞ്ഞു. പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.