ചേട്ടനുണ്ടാക്കിയ ഐസ്ക്രീം; മധുരത്തിൽ പൊതിഞ്ഞ കൊടുംവിഷം
text_fieldsവെള്ളരിക്കുണ്ട് (കാസർകോട്): ഐസ്‌ക്രീമില്‍ എങ്ങനെ എലിവിഷത്തിെൻറ അംശം എത്തി എന്ന സംശയം മുന്‍നിര്‍ത്തി വെള്ളരിക്കുണ്ട് സി.ഐ കെ. പ്രേംസദെൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊലപാതകത്തിെൻറ ചുരുളഴിഞ്ഞത്.
ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെ മകൾ ആൻമേരി മരിയ (16) മരിച്ചതുമായി ബന്ധപ്പെട്ട് ചെറുപുഴ പൊലീസാണ് ആദ്യം കേസെടുത്തിരുന്നത്. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍, എലിവിഷം ഉള്ളില്‍ ചെന്നതാണ് മരണ കാരണമെന്ന് വ്യക്തമായതോടെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ചെറുപുഴ പൊലീസ് വെള്ളരിക്കുണ്ട് പൊലീസിന് കേസ് കൈമാറുകയായിരുന്നു.
സംഭവം സഹോദരൻ ആല്‍ബിന്‍ ബെന്നി (22) നടത്തിയ ആസൂത്രിതമായ കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. ആർഭാട ജീവിതത്തിനും കൂട്ടുകാരുമൊത്ത് അതിരുവിട്ടുള്ള ബന്ധങ്ങൾക്കും വീട്ടുകാർ എതിരായതാണ് ഇവരെ ഇല്ലാതാക്കാൻ പ്രേരിപ്പിച്ചത്. ആൽബിനെ അറസ്റ്റ് ചെയ്തതോടെ, നാട്ടുകാരിലും ബന്ധുക്കളിലും ഉണ്ടായ സംശയങ്ങൾക്ക് അവസാനമായി.
വിഷം ചേർത്ത ഐസ്ക്രീം ആൽബിൻ മാത്രം കഴിച്ചില്ല
കഴിഞ്ഞ 31നാണ് വെള്ളരിക്കുണ്ടിലെ ബേക്കറിയില്‍നിന്ന് സാധനങ്ങൾ വാങ്ങി ആല്‍ബിന്‍ വീട്ടിൽവെച്ച് ഐസ്ക്രീം ഉണ്ടാക്കിയത്. ഇതിൽ എലിവിഷം ചേർത്ത് കുടുംബത്തിലെ എല്ലാവർക്കും നൽകി. ഐസ്‌ക്രീം ഉണ്ടാക്കിയ അന്ന് ആന്‍മേരിയും പിതാവ് ബെന്നിയും കഴിച്ചു. ബാക്കി റഫ്രിജേററ്ററിൽ സൂക്ഷിച്ചു. രണ്ടുദിവസംകഴിഞ്ഞാണ് മാതാവ് ബെസിയും ആല്‍ബിനും കഴിച്ചതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാൽ, വിഷം കലർത്താത്തതാണ് ആൽബിൻ കഴിച്ചത്.
ആദ്യം ആൻ മരിയയാണ് അവശനിലയിലായത്. തുടക്കത്തിൽ മഞ്ഞപ്പിത്തമാണെന്നു കരുതി നാടൻ ചികിത്സ നൽകി. സ്ഥിതി ഗുരുതരമായപ്പോൾ ഈ മാസം അഞ്ചിന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ആൻ അന്നു തന്നെ മരിച്ചു. പരിശോധനയിൽ രക്തത്തിൽ എലിവിഷത്തിെൻറ അംശം കണ്ടെത്തി.
പിന്നാലെ ബെന്നിയെയും ബെസിയെയും ഛർദിയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാക്കി. അസ്വാസ്ഥ്യമുണ്ടെന്ന് അഭിനയിച്ച് എത്തിയ ആൽബിെൻറ രക്തത്തിൽ വിഷാംശം കണ്ടെത്തിയതുമില്ല. ആൻ മരിയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വിഷസാന്നിധ്യമാണ് മരണകാരണമായി ഉണ്ടായിരുന്നത്. തുടർന്ന് പൊലീസ് വീട്ടിലെത്തി ഐസ്ക്രീം ഉൾപ്പെടെയുള്ളവ ശേഖരിച്ച് പരിശോധന നടത്തി. ഒടുവിൽ ആൽബിൻ അറസ്റ്റിലായി.
ആദ്യം വിഷം കലർത്തിയത് കറിയിൽ; ശ്രമം പാളി
ആഴ്ചകൾക്ക് മുൻപ് കറിയിൽ വിഷം ചേർത്തു നൽകാനും ആൽബിൻ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ, വിഷത്തിെൻറ അളവ് കുറഞ്ഞതിനാൽ പരാജയപ്പെട്ടു. ഇതേതുടർന്ന് ഐസ്ക്രീമിൽ കലർത്തുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പ്രണയവിവാഹം നടത്താൻ വേണ്ടി കൊല ചെയ്തതായാണ് പൊലീസ് പറയുന്നത്. അശ്ലീല വിഡിയോ കാണുന്നതും മോശമായി പെരുമാറാൻ ശ്രമിച്ചതും സഹോദരി വീട്ടുകാരോട് പറയുമോ എന്ന ആശങ്കയും പ്രതിക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി. വിനോദ്, സി.ഐ പ്രേംസദനൻ, എസ്.ഐ ശ്രിദാസ് പുത്തൂർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.