ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ; ബസ് യാത്രക്കാർ രക്ഷപ്പെട്ടു
text_fieldsവെള്ളിമാട്കുന്ന് (കോഴിക്കോട്): കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് വൻ അപകടത്തിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വയനാട് പാതയിൽ കോഴിക്കോട് വെള്ളിമാടുകുന്നിനും മൂഴിക്കലിനും മധ്യേയാണ് സംഭവം. വെള്ളിമാടുകുന്ന് നിന്ന് ഇറക്കം ഇറങ്ങി വന്ന ബസിന് ബ്രേക്ക് നഷ്ടപ്പെടുകയും തുടർന്ന് ഡ്രൈവർ മുസ്തഫ ബസ് മരത്തിലിടിച്ച് നിർത്തുകയും ആയിരുന്നു.
രാവിലെ 11 മണിയോടെയാണ് അപകടം. വെള്ളിമാട്കുന്ന് ഇറങ്ങി വരുമ്പോഴാണ് ഡ്രൈവർ ബസിന് ബ്രേക്ക് നഷ്ടപ്പെട്ട വിവരം മനസിലാക്കിയത്. തുടർന്ന് സുരക്ഷിതമായി ഇടിച്ചു നിർത്താൻ ഇരുവശങ്ങളിലും സ്ഥലം നോക്കിയെങ്കിലും വാഹനങ്ങൻ പാർക്ക് ചെയ്തിരുന്നതിനാലും ആളുകൾ ഉള്ളതിനാലും സാധിച്ചില്ല. തുടർന്ന് 'മാധ്യമം' ദിനപത്രത്തിന്‍റെ ഒാഫിസ് കഴിഞ്ഞുള്ള മുസ് ലിം പള്ളിക്ക് സമീപം വലതുവശത്തെ കടയോട് ചേർന്നുള്ള മരത്തിൽ ബസ് ഇടിച്ചു നിർത്തുകയായിരുന്നു.
ഹാൻഡ് ബ്രേക്ക് വലിച്ച് ബസ് നിർത്താൻ ശ്രമിച്ചെങ്കിലും സാധിക്കാത്ത സാഹചര്യത്തിലാണ് മരത്തിൽ ഇടിച്ച് നിർത്തിയതെന്ന് ഡ്രൈവർ മുസ്തഫ പറഞ്ഞു. അപകടത്തിൽ നിന്നും യാത്രക്കാരെ രക്ഷിക്കാൻ നടത്തിയ സമയോചിതമായി ഇടപെടലിന് ഡ്രൈവറെ യാത്രക്കാർ അഭിനന്ദിച്ചു.
അപകടത്തിൽ ആർക്കും പരിക്കില്ല. ബസിന്‍റെ മുൻവശത്തെ ചില്ലും കടയുടെ മുൻവശത്തെ ഇരുമ്പ് ഗ്രില്ലും തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.