വെള്ളൂർ സഹ. ബാങ്ക് തട്ടിപ്പ്: 38 കോടിയിലധികം തിരിച്ചടക്കാൻ ഉത്തരവ്
text_fieldsവെള്ളൂർ (കോട്ടയം): സി.പി.എം നിയന്ത്രണത്തിലുള്ള വെള്ളൂർ സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് 38 കോടിയിലധികം രൂപ തിരിച്ചടക്കാൻ സഹകരണ വകുപ്പിന്‍റെ ഉത്തരവ്. 1999 മുതൽ 2016 കാലഘട്ടത്തിൽ 21 ഭരണ സമിതി അംഗങ്ങളും ആറു ജീവനക്കാരും ചേർന്ന നടത്തിയെന്ന് പറയപ്പെടുന്ന അഴിമതിയിൽ 38.33 കോടി തിരിച്ചടക്കാനാണ് ഉത്തരവ്. തട്ടിപ്പുമായി ബന്ധപ്പെട്ട 2021ലെ സഹകരണ സംഘം ജോയന്‍റ് രജിസ്ട്രാർ (ജനറൽ) ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ തീർപ്പാക്കിയാണ് നടപടി. അന്നത്തെ പ്രസിഡന്‍റ് ഉൾപ്പെടെ ഭരണ സമിതി അംഗങ്ങൾക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് ഉത്തരവിൽ പറയുന്നു.
ബാങ്കിന്‍റെ എല്ലാ പ്രവർത്തന ചുമതലകളും പ്രസിഡന്‍റിൽ നിക്ഷിപ്തമാണ്. എന്നാൽ, ഇത് പാലിച്ചില്ല. മുതലുകൾ സൂക്ഷിക്കാൻ ചുമതലയുള്ള ഭരണ സമിതി അംഗങ്ങളുടെയും വീഴ്ചയാണ് ബാങ്കിന് കോടികൾ നഷ്ടത്തിന് ഇടയാക്കിയതെന്ന് വ്യക്തമാക്കുന്നു. വകുപ്പ് 2017ൽ നടത്തിയ ഓഡിറ്റിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ബാങ്കിൽനിന്ന് ഏതുതരം വായ്പയെടുത്താലും പ്രസിഡന്‍റും രണ്ട് ഭരണ സമിതി അംഗങ്ങളും ഒപ്പിട്ടു നൽകണം.
എന്നാൽ, ഇല്ലാത്ത സ്വർണം കണക്കിൽ കാണിച്ചു അംഗങ്ങൾ ആവശ്യപ്പെടുന്ന വായ്പ നൽകിയെന്നാണ് പ്രധാന കണ്ടെത്തൽ. മുൻ പ്രസിഡന്‍റായിരുന്ന ഇ.എം. കുഞ്ഞുമുഹമ്മദ്, വി.എം. മനോഹരൻ, യു. ചന്ദ്രശേഖരൻ തുടങ്ങിയവർക്കും ഭരണ സമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമെതിരെ ഹൈകോടതി, കോട്ടയം വിജിലൻസ് കോടതി എന്നിവിടങ്ങളിലും വെള്ളൂർ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. അവ ഇപ്പോഴും തുടരുകയാണ്. അതിന്‍റെ കൂടി അടിസ്ഥാനത്തിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സി.പി.എമ്മിൽനിന്ന് പുറത്താക്കി. പ്രസിഡന്‍റായിരുന്ന കുഞ്ഞുമുഹമ്മദ് ഇതിനിടെ മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.