ഇവരിനി പഠിപ്പിസ്റ്റുകളല്ല, പണിയുമെടുക്കും
text_fieldsപയ്യന്നൂർ: വെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ഇനി പഠനത്തോടൊപ്പം തൊഴിലുമെടുക്കും. പഠനത്തോടൊപ്പം പോക്കറ്റ് മണി കൂടി സാധ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. ക്ലാസ് മുറിയിലെ പഠനത്തിനോപ്പം കുട്ടികൾക്ക് സാങ്കേതിക പരിശീലനം കൂടി നൽകുന്ന പദ്ധതിയാണ് തുടങ്ങിയത്. കുട്ടികൾക്ക് ശാസ്ത്ര പഠനത്തിന്റെ പ്രായോഗികത തിരിച്ചറിയുന്നതിനും ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതുവഴി ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ‘തംപ്സ് അപ്’ പദ്ധതിക്കാണ് വെള്ളൂർ ഗവ. ഹയർ സെക്കൻഡറിയിൽ തുടക്കമായത്.
സയൻസ് ക്ലബ്, വൈ.ഐ.പി ക്ലബ്, ഊർജ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ 50 കുട്ടികളുടെ ഒരു ബാച്ചിന് സൈക്കിൾ റിപ്പയറിങ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, പ്ലംബിങ് തുടങ്ങിയ മേഖലകളിൽ പ്രായോഗിക പരിശീലനം നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്. സ്കൂളുകൾ, പൊതുസ്ഥലങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ എൽ.ഇ.ഡി ബൾബ്, വാട്ടർ ടാപ്പുകൾ എന്നിവക്ക് ഉണ്ടാകുന്ന തകരാറുകൾ വളരെ എളുപ്പം പരിഹരിക്കാൻ പറ്റുന്ന തരത്തിലുള്ള സാങ്കേതിക പരിശീലനം നേടുന്നതിലൂടെ ഊർജ സംരക്ഷണം, ജലസംരക്ഷണം, മാലിന്യ പരിപാലനം എന്നീ ആശയങ്ങൾകൂടി കുട്ടികൾ സ്വായത്തമാക്കുന്നു. സ്കൂളിൽ നടന്ന ‘തംപ്സ് അപ്’ രൂപവത്കരണ ചടങ്ങ് പി.വി. വിജയൻ കോറോം ഉദ്ഘാടനം ചെയ്തു. തുടർന്ന് പരിശീലനവും നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് വി. ദീപ അധ്യക്ഷത വഹിച്ചു. ടീച്ചർ കോഓഡിനേറ്റർ സ്മിത, സ്റ്റാഫ് സെക്രട്ടറി സുരേന്ദ്രൻ, സ്റ്റുഡന്റ് കോഓഡിനേറ്റർ നക്ഷത്ര പ്രമോദ് എന്നിവർ സംസാരിച്ചു. സയൻസ് അധ്യാപകരായ ഷീബ, ആശ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.