43.5 ശതമാനം ശോഷിച്ച് വേമ്പനാട്ട് കായൽ
text_fieldsകൊച്ചി: കഴിഞ്ഞ 120 വർഷത്തിനിടെ വേമ്പനാട്ട് കായൽ നികത്തപ്പെട്ടത് 158.7 ചതുശ്ര കിലോമീറ്റർ. ഇതോടെ, കായലിന്റെ 43.5 ശതമാനമാണ് ഇല്ലാതായത്. കായലിന്റെ അടിത്തട്ടിൽ 3005 ടൺ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയതായും കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ (കുഫോസ്) സെൻറർ ഫോർ അക്വാട്ടിക് റിസോഴ്സസ് മാനേജ്മെൻറ് ആൻഡ് കൺസർവേഷൻ നടത്തിയ പഠനത്തിൽ കണ്ടെത്തി. സർക്കാറിന്റെ നിർദേശപ്രകാരം അഞ്ചുവർഷംകൊണ്ടാണ് പഠനം പൂർത്തിയാക്കിയത്.
1900ൽ 2617.5 മില്യൻ ക്യുബിക് മീറ്ററായിരുന്നു കായലിന്റെ സംഭരണശേഷി. 2020ൽ ഇത് 387.87 മില്യൻ ക്യുബിക് മീറ്ററായി കുറഞ്ഞു. 1900ൽ 365 ചതുരശ്ര കിലോമീറ്ററായിരുന്ന കായൽ വിസ്തൃതി 2020 ആയപ്പോഴേക്കും 206.30 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. ഇതോടൊപ്പം മാലിന്യം അടിഞ്ഞതും കായലിന്റെ ആഴം ഗണ്യമായി കുറയാൻ കാരണമായി. 1980ൽ 150 ഇനം മത്സ്യങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് ഇപ്പോൾ കായലിലുള്ളത് 90 ഇനങ്ങൾ മാത്രമാണ്. ഇതോടൊപ്പം മത്സ്യങ്ങളുടെ ലഭ്യതയും കുറഞ്ഞു.
ജനുവരി 12 മുതൽ 14 വരെ കുഫോസിൽ നടക്കുന്ന അന്താരാഷ്ട്ര ഫിഷറീസ് കോൺഗ്രസിൽ കായലിന്റെ ശോച്യാവസ്ഥയും നശീകരണേത്താതും പ്രധാന ചർച്ചയാകും.
ഫിഷറീസ് കോൺഗ്രസിന് കേരളം ആദ്യമായാണ് വേദിയാകുന്നത്. നിലവിലെ ദുർഘടാവസ്ഥയിൽനിന്ന് കായലിനെ എങ്ങനെ രക്ഷിക്കാമെന്ന് സമ്മേളനം ചർച്ച ചെയ്യുമെന്ന് കുഫോസ് വൈസ് ചാൻസലർ ഡോ. ടി. പ്രദീപ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.