വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: പിന്നിൽ കോൺഗ്രസ് രാഷ്ട്രീയ ഗൂഢാലോചന- ആനാവൂർ നാഗപ്പൻ
text_fields
തിരുവനന്തപുരം: കോൺഗ്രസ് രാഷ്ട്രീയ ഗൂഢാലോചനയാണ് വെഞ്ഞാറമൂട് തേമ്പാംമൂടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നിലെന്ന് സി.പി.എം.
കേരളത്തിൻെറ സമാധാന അന്തരീക്ഷം തകർത്ത് കലാപം സൃഷ്ടിക്കാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടു.
എന്നാൽ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസാണെന്ന ആരോപണം യൂത്ത് കോൺഗ്രസ് തള്ളി. ഈ പ്രചാരണം സി.പി.എം ഗൂഢാലോചനയാണെന്ന് യൂത്ത് കോൺഗ്രസ് പ്രതികരിച്ചു.
ഡി.വൈ.എഫ്.ഐ കലിങ്ങിൻ മുഖം യൂനിറ്റ് പ്രസിഡൻറ് ഹഖ് മുഹമ്മദ് (24) തേവലക്കാട് യൂനിറ്റ് ജോയിൻറ് സെക്രട്ടറി മിഥിലാജ് ( 30 ) എന്നിവരാണ് തിങ്കളാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിലായിട്ടുണ്ട്. കൊലപാതകത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഹഖ് മുഹമ്മദിനെ തേമ്പാംമൂട് ഉള്ള വീട്ടിലേക്ക് കൊണ്ടുവിടാൻ എത്തിയതായിരുന്നു മിഥിലാജ്. അഞ്ചുപേരടങ്ങുന്ന സംഘമാണ് കൊല നടത്തിയതെന്നാണ് നിഗമനം.
കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിനിടയിലെ കലാശക്കൊട്ട് മുതൽ ആരംഭിച്ച രാഷ്ട്രീയ സംഘർഷം ആണ് ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത്. കോൺഗ്രസ് പ്രവർത്തകനായ വെള്ളി സജീവിൻെറ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകം നടത്തിയത്.
രണ്ടു മാസങ്ങൾക്കു മുമ്പ് ഡി.വൈ.എഫ്.ഐ നേതാവ് ഫൈസലിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. പ്രതികളുടെ കെ.എൽ 21 കെ 4201 ബുള്ളറ്റ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ടവരുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.