വെഞ്ഞാറമൂട് ഇരട്ടക്കൊല: കൊണ്ടും കോർത്തും സി.പി.എമ്മും കോൺഗ്രസും
text_fieldsതിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ ആരോപണ-പ്രത്യാരോപണങ്ങളുമായി സി.പി.എമ്മും കോൺഗ്രസും. രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കിയതോടെ രാഷ്ട്രീയ വിവാദമായി കത്തിപ്പടരുകയാണ്. കോൺഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തതാെണന്ന് ആരോപിച്ച സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ്, കൊലപാതകം നടത്തിയവരെയും ഗൂഢാലോചന നടത്തിയവരെയും കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുകയാണെന്നും അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും നിലപാടെടുത്തു.
കോൺഗ്രസ് നേതൃത്വം ആസൂത്രിതമായി കലാപവും അക്രമവും കൊലപാതകങ്ങളും നടത്താനാണ് ശ്രമിക്കുന്നെതന്ന് സി.പി.എം കുറ്റപ്പെടുത്തി. മുല്ലപ്പള്ളി ന്യായീകരിച്ചത് നേതൃത്വത്തിെൻറ പങ്ക് വ്യക്തമാക്കുന്നതാണ്. രക്തസാക്ഷികളെ ഗുണ്ടകളെന്ന് പറഞ്ഞ് അപമാനിച്ചത് അപലപനീയമാണ്. പ്രകോപനത്തിൽപെടാതെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ അണിനിരത്തണമെന്നും സി.പി.എം പ്രവർത്തകർക്ക് നിർദേശം നൽകി. കൊലപാതകത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച കരിദിനം ആചരിക്കും.
രണ്ട് സംഘങ്ങള്‍ നടത്തിയ അക്രമമാണ് കൊലപാതകത്തില്‍ കലാശിച്ചെതന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോണ്‍ഗ്രസിന് ബന്ധമില്ല. മരണങ്ങളെ ആഘോഷമാക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. രക്തസാക്ഷികളുടെ പേരില്‍ പാര്‍ട്ടി ഫണ്ട് പിരിക്കുന്നതിലാണ് അവർക്ക് താല്പര്യം. നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണം. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥര്‍ നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. സി.പി.എം സംസ്ഥാന വ്യാപകമായി നടത്തുന്ന അക്രമങ്ങള്‍ക്ക് ഏകീകൃതസ്വഭാവമുണ്ടെന്നും ആരുടെയോ ആഹ്വാന പ്രകാരം അക്രമം നടത്തുന്നതുപോലെയാണ് തോന്നുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ബുധനാഴ്ച കരിദിനം
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.എം ബുധനാഴ്ച കരിദിനം ആചരിക്കും. വൈകീട്ട് നാലുമുതൽ ആറുവരെ ബ്രാഞ്ച് അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണ നടത്തും. ധർണയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പി. രാജീവ് എന്നിവർ എറണാകുളത്തും പി. കരുണാകരൻ കാസർകോട്ടും പി.കെ. ശ്രീമതി, എം.വി. ഗോവിന്ദൻ മാസ്റ്റർ എന്നിവർ കണ്ണൂരിലും എളമരം കരീം എം.പി കോഴിക്കോട്ടും പാലോളി മുഹമ്മദ്കുട്ടി മലപ്പുറത്തും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, കെ. രാധാകൃഷ്ണൻ, ബേബി ജോൺ എന്നിവർ തൃശൂരിലും വൈക്കം വിശ്വൻ, കെ.ജെ. തോമസ് എന്നിവർ കോട്ടയത്തും ആനത്തലവട്ടം ആനന്ദൻ, കെ.എൻ. ബാലഗോപാൽ എന്നിവർ തിരുവനന്തപുരത്തും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.