മൂന്നുദിവസം മുമ്പുള്ള ഇരട്ടക്കൊലക്ക് ഇപ്പോഴാണോ കരിദിനം?; സി.പി.എമ്മിനോട് വെള്ളാപ്പള്ളി
text_fieldsചേർത്തല: സി.പി.എമ്മിന്‍റെ കരിദിനത്തിനെതിരെ രൂക്ഷവിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണഗുരു ജയന്തി ദിനത്തിൽ കരിദിനം ആചരിക്കുന്നത് പ്രതിഷേധാർഹമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മൂന്നുദിവസം മുമ്പ് നടന്ന ഇരട്ടക്കൊലക്ക് ഇപ്പോഴാണോ കരിദിനം ആചരിക്കുന്നതെന്ന് വെള്ളാപ്പള്ളി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
സി.പി.എം കരിദിനമാചരിക്കുന്നതിൽ ശക്തമായ പ്രതിഷേധവും അമർഷവും രേഖപ്പെടുത്തുന്നു. ജനലക്ഷങ്ങൾ പ്രത്യക്ഷ ദൈവമായി ആരാധിക്കുന്ന ശ്രീനാരായണ ഗുരുവിനോടുള്ള അനാദരവായി മാത്രമെ ഇതിനെ കാണാൻ സാധിക്കൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
രണ്ട് ചെറുപ്പക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ഞങ്ങൾക്കും ദുഃഖമുണ്ട്. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് അങ്ങേയറ്റത്തെ സഹതാപമുണ്ട്. ആ സംഭവത്തിൽ പാർട്ടിയുടെ പ്രതിഷേധം മനസിലാക്കാം. പക്ഷേ ഞായറാഴ്ച നടന്നൊരു സംഭവത്തിന്‍റെ പേരിൽ മൂന്നു ദിവസം കഴിഞ്ഞ് ശ്രീനാരായണഗുരുദേവ ജയന്തിനാളിൽത്തന്നെ പ്രതിഷേധിക്കാൻ തീരുമാനിച്ചതും, അതും കരിദിനമായി ആചരിക്കാൻ തീരുമാനിച്ചതും ഗുരുനിന്ദയാണെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
വെഞ്ഞാറമൂടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിലാണ് സി.പി.എം കരിദിനം ആചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.