രാജ്യവികസനത്തിന് ലക്ഷദ്വീപ് സമൂഹങ്ങളുടെ വികസനം അനിവാര്യം -ഉപരാഷ്ട്രപതി
text_fieldsകൊച്ചി: രാജ്യവികസനത്തിന് ലക്ഷദ്വീപിന്റെ വികസനം അനിവാര്യമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ലക്ഷദ്വീപിലെ കടമത്ത്, ആന്ത്രോത്ത് ദ്വീപുകളിൽ രണ്ട് ആർട്സ് ആൻഡ് സയൻസ് കോളജുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് വെള്ളിയാഴ്ചയാണ് ഉപരാഷ്ട്രപതി ലക്ഷദ്വീപിൽ എത്തിയത്. ഇവിടെ പഠിപ്പിക്കുന്ന കോഴ്സുകൾ ദ്വീപിലെ വിദ്യാർഥികൾക്ക്, പ്രത്യേകിച്ചും പെൺകുട്ടികൾക്ക് മേഖലയുടെ ഭൂമിശാസ്ത്രപരമായ പരിമിതികളെ മറികടക്കാൻ സഹായിക്കും. തൊഴിൽസാധ്യതകൾ വർധിപ്പിച്ച് ഉന്നത ഗുണമേന്മയുള്ള വിദ്യാഭ്യാസം നേടാൻ അവരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോളജുകൾ അഫിലിയേറ്റ് ചെയ്തിരിക്കുന്ന പോണ്ടിച്ചേരി സർവകലാശാലയുടെ ചാൻസലർ കൂടിയായ ഉപരാഷ്ട്രപതി, നൈപുണ്യ വികസന സംബന്ധിയായ ഹൃസ്വകാല കോഴ്സുകൾകൂടി തുടങ്ങണമെന്നും പറഞ്ഞു.
പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം, സുസ്ഥിര മത്സ്യബന്ധനം എന്നിവയിൽ രാജ്യത്തിന് മാതൃകയായി മാറാൻ ദ്വീപസമൂഹങ്ങൾ ശ്രമിക്കണം. ജൈവവൈവിധ്യത്തെ അപകടത്തിൽ ആക്കാതെ വേണം ഇത് സാധ്യമാക്കാൻ. മികച്ച ഗുണനിലവാരമുള്ള ഉൽപാദനം, മികച്ച മൂല്യവത്കരണം എന്നിവ ഉറപ്പാക്കണം.
അതിനായി ലക്ഷദ്വീപിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് ഒരു ബ്രാൻഡ് നെയിം സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വലിയതോതിലുള്ള കടൽപായൽ കൃഷി, മത്സ്യബന്ധന മേഖലയെ ആധുനീകരിക്കാനുള്ള നടപടികൾ, രാസസംയുക്തങ്ങൾ ഉപയോഗിക്കാതെയുള്ള വെളിച്ചെണ്ണ, കയർ എന്നിവയുടെ ഉൽപാദനം വർധിപ്പിക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. തെങ്ങുകയറ്റത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ അടക്കമുള്ളവയും ചടങ്ങിൽ വിതരണം ചെയ്തു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ, ലോക്സഭാംഗം മുഹമ്മദ് ഫൈസൽ പി.പി, പോണ്ടിച്ചേരി സർവകലാശാല വൈസ് ചാൻസലർ ഗുർമീത് സിങ്, മുതിർന്ന ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.