ഉപരാഷ്ട്രപതിക്ക് ഒരുപാട് ഇഷ്ടമാണ് സുഭാഷ് പാർക്ക്
text_fieldsകൊച്ചി: കേരളത്തിെൻറ മീൻ വിഭവങ്ങളും ദോശയും അപ്പവും ചോറുമെല്ലാം ഒരുപാട് പ്രിയമുള്ളയാളാണ് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. കേരളത്തിൽ നടത്തുന്ന പ്രസംഗങ്ങളിലെല്ലാം അദ്ദേഹം ഇൗ ഇഷ്ടം തുറന്നുപറയാറുമുണ്ട്. അതുപോലെ കൊച്ചിയിൽ എത്തിയാൽ മറ്റൊരു കാര്യത്തിൽ കൂടി ഉപരാഷ്ട്രപതിക്ക് നിർബന്ധമുണ്ട്. പ്രഭാത നടത്തം സുഭാഷ് പാർക്കിൽ തന്നെ വേണം. 2017ൽ ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റ ശേഷമാണ് സുഭാഷ് പാർക്കിനോടുള്ള ഈ പ്രത്യേക ഇഷ്ടം അദ്ദേഹം പ്രകടിപ്പിച്ചുതുടങ്ങിയത്.
68ാം വയസ്സിലും ദിവസവും രാവിലെ ഒരു മണിക്കൂർ നടക്കുന്നയാളാണ് നായിഡു. എവിടെ ചെന്നാലും ഏത് തിരക്കിലും അത് മുടക്കാറില്ല. വേമ്പനാട്ട് കായൽ തീരത്തെ മനോഹരമായ പാർക്കിലെ പ്രഭാത നടത്തം കൊച്ചി സന്ദർശനത്തിലെ ഒഴിവാക്കാനാവാത്ത ഇനമാക്കിയിരിക്കുകയാണ് അദ്ദേഹം.
കൊച്ചിയിൽ വെള്ളിയാഴ്ച എത്തിയ ഉപരാഷ്ട്രപതി ശനിയാഴ്ച രാവിലെ തെൻറ ദിനം ആരംഭിച്ചത് സുഭാഷ് പാർക്കിലെ നടത്തത്തോടെയാണ്. ഗവർണർ പി. സദാശിവം, മേയർ സൗമിനി ജയിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
സംസ്ഥാനത്തെ മനോഹരമായ ഉദ്യാനങ്ങളിലൊന്നായ സുഭാഷ് പാർക്കിെൻറ പ്രൗഢിയും ഭംഗിയുമെല്ലാം ഉപരാഷ്ട്രപതിയെ ആകർഷിച്ചു. 2015 ൽ നവീകരിച്ച പാർക്ക് രണ്ടുവർഷമായി കുറ്റമറ്റരീതിയിൽ പരിപാലിച്ചുവരുന്നതായി മേയർ സൗമിനി ജയിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.