തസ്തിക നിർത്തലാക്കി; വി.ഇ.ഒ റാങ്ക് ലിസ്റ്റ് നിയമനം ഇഴയുന്നു
text_fieldsതിരുവനന്തപുരം: തസ്തിക ഇല്ലാത്താക്കിയതോടെ പെരുവഴിയിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (വി.ഇ.ഒ) റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ നിയമനത്തിനായി സർക്കാർ വാതിലുകൾ മുട്ടുന്നു. ഗ്രാമവികസന വകുപ്പ് ഏകീകരണത്തെ തുടർന്ന് തസ്തിക നിർത്താലാക്കിയോടെ മുൻ ലിസ്റ്റിന്റെ പകുതിപോലും നിയമനം നിലവിലെ ലിസ്റ്റുകളിൽനിന്ന് നടന്നിട്ടില്ല.
തസ്തിക നിർത്തലാക്കിയെങ്കിലും നിലവിലെ ലിസ്റ്റിൽനിന്ന് നിയമനം നടത്തുന്നതിൽ തടസ്സമില്ലെന്നിരിക്കെ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ് പുതിയ നിയമനങ്ങൾക്ക് സർക്കാർ കൂച്ചുവിലങ്ങിയിട്ടിരിക്കുന്നത്. ഗ്രാമവികസനവകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ തസ്തികയിലേക്ക് പി.എസ്.സി പരീക്ഷ നടത്തിയ ശേഷമാണ് 2020ൽ തസ്തിക സർക്കാർ നിർത്തലാക്കിയത്. 2018ലായിരുന്നു വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 12.54 ലക്ഷം ഉദ്യോഗാർഥികളാണ് പരീക്ഷയെഴുതിയത്.
2021 ഫെബ്രുവരി 16 മുതൽ 2022 ഫെബ്രുവരി 22വരെ വിവിധ തീയതികളിലായാണ് 14 ജില്ലകളിലെയും വി.ഇ.ഒ റാങ്ക് ലിസ്റ്റുകളിലായി 2650ഓളം പേർ ഇടം പിടിച്ചു. എന്നാൽ, മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 1788 പേർക്ക് നിയമനം ലഭിച്ചപ്പോൾ ഇത്തവണ 900 പേർക്കുപോലും നിയമനശിപാർശ ലഭിച്ചിട്ടില്ല. മൂന്നുവർഷ കാലാവധി പൂർത്തിയാക്കി തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ റാങ്ക് ലിസ്റ്റുകൾ അവസാനിച്ചിരുന്നു. ഇതിൽ തിരുവനന്തപുരം, തൃശൂർ, എറണാകുളം ജില്ലകളിൽ മാത്രമാണ് നിയമന ശിപാർശ 100 കടന്നത്. മലപ്പുറം ജില്ലയിൽ കഴിഞ്ഞ റാങ്ക് ലിസ്റ്റിൽനിന്ന് 232 പേർക്ക് ശിപാർശ ലഭിച്ച സ്ഥാനത്ത് ഇത്തവണ 100 പേർക്കുപോലും നിയമനമായില്ല. ഇടുക്കി, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർകോട് വയനാട് ജില്ലകളിലും നിയമനം 50ന് മുകളിലെത്തിയിട്ടില്ല.
എൻ.ജെ.ഡി ഒഴിവുകൂടി റിപ്പോർട്ട് ചെയ്തതുകൊണ്ടാണ് നിയമന ശിപാർശ ഇത്രയെങ്കിലും എത്തിയത്. നിലവിലുള്ള ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്നതിനു മുമ്പെങ്കിലും ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ പ്രായപരിധി കഴിഞ്ഞ നൂറുകണക്കിന് യുവതി യുവാക്കളുടെ അവസരമാണ് നഷ്ടമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.