അപകീർത്തിക്കേസിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി; വി.എസ് 10 ലക്ഷം നഷ്ടപരിഹാരം നൽകണം
text_fieldsതിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെതിരായ അപകീർത്തിക്കേസിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി. നഷ്ടപരിഹാരമായി വി.എസ് പത്ത് ലക്ഷം രൂപ ഉമ്മൻ ചാണ്ടിക്ക് നൽകണമെന്ന് കോടതി ഉത്തരവ്. സോളാർ വിവാദത്തിൽ, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ വി.എസ്. അച്യുതാനന്ദൻ നടത്തിയ പരാമർശമാണ് കേസിന് ആസ്പദമായ സംഭവം.
ഇതിനെതിരെ ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ടക്കേസിലാണ് 10,10,000 രൂപ നഷ്ടപരിഹാരമായി നൽകാൻ തിരുവനന്തപുരം പ്രിൻസിപ്പൽ സബ് ജഡ്‌ജി ഷിബു ഡാനിയേൽ ഉത്തരവായത്.
റിപ്പോർട്ടർ ചാനലിൽ 2013 ജൂലൈ ആറിന് നൽകിയ അഭിമുഖത്തിലാണ് വി.എസ്. ഉമ്മൻ ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കമ്പനിയുണ്ടാക്കി സോളാർ തട്ടിപ്പ് നടത്തുന്നെന്നായിരുന്നു വി.എസിന്‍റെ ആരോപണം. ഇത് ചോദ്യം ചെയ്താണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്. 2019 സെപ്റ്റംബർ 24 ന് ഉമ്മൻ ചാണ്ടി കോടതിയിൽ നേരിട്ടെത്തി മൊഴി നൽകി.
താൻ അഴിമതിക്കാരനാണെന്ന ധാരണ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ വി.എസിന്‍റെ ആരോപണങ്ങൾ ഇടയാക്കിയതായി മൊഴിയിൽ പറഞ്ഞു. കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെ മൂന്നുപേരെ കോടതി വിസ്‌തരിച്ചു.
നഷ്ടപരിഹാര തുകയോടൊപ്പം ആറു ശതമാനം ബാങ്ക് പലിശയും എതിർകക്ഷിയായ വി.എസ് നൽകണം. വിധിക്കെതിരെ ഉടൻ അപ്പീൽ സമർപ്പിക്കുമെന്ന് വി.എസ്. അച്യുതാനന്ദന്‍റെ അഭിഭാഷകൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.