മുതിർന്ന മാധ്യമ പ്രവർത്തകൻ എ. സഹദേവൻ അന്തരിച്ചു
text_fieldsകോട്ടയം: മുതിർന്ന മാധ്യമപ്രവർത്തകനും ചലച്ചിത്ര നിരൂപകനുമായ എ. സഹദേവൻ (72) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 11.55ന് ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. കോട്ടയത്തെ മാസ്കോം (മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ) ഡയറക്ടറായി പ്രവർത്തിച്ചുവരുകയായിരുന്നു. ഇതിന്‍റെ ഭാഗമായി കോട്ടയത്തായിരുന്നു താമസം. കഴിഞ്ഞ 23ന് ക്ലാസെടുക്കുമ്പോൾ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മാതൃഭൂമി അസിസ്റ്റന്‍റ് എഡിറ്ററായിരുന്ന എ. സഹദേവൻ ദിനപത്രത്തിലും ചിത്രഭൂമിയിലും വിവിധ ചുമതലകൾ വഹിച്ചു. പിന്നീട് ദൃശ്യമാധ്യമരംഗത്തേക്ക് മാറി ഇന്ത്യാവിഷൻ അസോസിയേറ്റ് എഡിറ്ററായി. പ്രസ് അക്കാദമി ഫാക്കൽറ്റിയായും പ്രവർത്തിച്ചു. 1982ലാണ് മാതൃഭൂമിയിൽ പത്രപ്രവർത്തകനായി ചേർന്നത്. അതിനുമുമ്പ് ഫോർട്ട്കൊച്ചി ഡെൽറ്റ സ്റ്റഡീസിലും തമിഴ്നാട് ഗവ. സർവിസിൽ അധ്യാപകനായും ജോലി ചെയ്തു. മാതൃഭൂമിയിൽ ചെന്നൈ, പാലക്കാട് ബ്യൂറോകളിൽ പ്രവർത്തിച്ചു. പിന്നീട് കോഴിക്കോട് ചീഫ് സബ് എഡിറ്ററായി. മാതൃഭൂമി പീരിയോഡിക്കൽ വിഭാഗത്തിലെത്തിയ അദ്ദേഹം ആഴ്ചപ്പതിപ്പ്, ചിത്രഭൂമി എന്നിവയുടെ ചുമതലക്കാരനായി.
2003ൽ ഇന്ത്യാവിഷൻ തുടങ്ങുമ്പോൾ പ്രോഗ്രാം കൺസൾട്ടന്റായാണ് ദൃശ്യമാധ്യമരംഗത്തേക്ക് ചുവടുവെക്കുന്നത്. ക്ലാസിക് സിനിമകളുമായി അദ്ദേഹത്തിനുള്ള അടുപ്പം ചാനലിൽ 24 ഫ്രെയിംസ് പരിപാടിക്ക് തുടക്കമിടാൻ പ്രേരണയായി. കലാമൂല്യമുള്ള വിദേശസിനിമകളെ നിരൂപണം ചെയ്യുന്ന പംക്തിയായിരുന്നു അത്. സഫാരി ചാനലിൽ ക്ലാസിക് സിനിമകളെ പരിചയപ്പെടുത്തുന്ന പരിപാടിയുടെ അവതാരകനായിരുന്നു.
പാലക്കാട് മാത്തൂർ താഴത്ത് കളത്തിൽ പരേതരായ കെ.സി. നായരുടെയും പുതുശ്ശേരി പാടത്താന്തൂർ പത്മാവതിയമ്മയുടെയും മകനാണ്. പാലക്കാട് വിക്ടോറിയ കോളജ്, തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ പഠനം. 1996ൽ പാമ്പൻ മാധവൻ പുരസ്കാരം ലഭിച്ചു. 2010ലെ സംസ്ഥാന ടെലിവിഷൻ അവാർഡും ടെലിവിഷൻ ചേംബറിന്റെ അവാർഡും സ്വന്തമാക്കി. 'കാണാതായ കഥകൾ' കഥസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ഒക്ടോബർ പക്ഷിയുടെ ശവം', 'നാലാൾ' കഥകൾ ശ്രദ്ധ നേടിയവയാണ്.
കോഴിക്കോട് ചെങ്കളത്ത് പുഷ്പയാണ് ഭാര്യ. മകൾ: സി. ചാരുലേഖ. സഹോദരങ്ങൾ: ടി.കെ. ഗോപാലകൃഷ്ണൻ (ന്യൂസിലൻഡ്), പി.എ. കമലം, പി.എ. ഉഷ, പി.എ. വിജയകുമാരി. മൃതദേഹം ഒറ്റപ്പാലം കയറംപാറയിലെ സഹോദരി ഉഷയുടെ വീട്ടിലെത്തിച്ചു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.