ലക്ഷദ്വീപിലെ ജനവാസ ദ്വീപുകളിലെല്ലാം മൃഗ ഡോക്‌ടർമാരെ നിയമിക്കണം -ഹൈകോടതി
text_fieldsകൊച്ചി: ലക്ഷദ്വീപിലെ എല്ലാ ജനവാസ ദ്വീപുകളിലും അടിയന്തരമായി മൃഗ ഡോക്‌ടർമാരെ നിയമിക്കണമെന്ന് ഹൈകോടതി. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന മൃഗഡോക്ടർമാരെ വ്യാപകമായി പിരിച്ചുവിട്ടശേഷം പക്ഷി മൃഗാദികൾക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കൽപേനി ദ്വീപ് നിവാസിയായ ഡോ. സി.പി. അബ്ദുൽ കബീർ നൽകിയ ഹരജിയിലാണ് ചീഫ് ജസ്‌റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
കഴിഞ്ഞ സെപ്റ്റംബർ 23നാണ് ലക്ഷദ്വീപിൽ താൽക്കാലിക ജോലി ചെയ്തുവന്ന മൃഗഡോക്ടർമാരെ ഭരണകൂടം പിരിച്ചുവിട്ടത്. ജനവാസമുള്ള 10 ദ്വീപിൽ കവരത്തി ദ്വീപിൽ മാത്രമാണ് ഇപ്പോൾ മൃഗഡോക്ടർമാരുടെ സേവനമുള്ളതെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. ആവശ്യമെങ്കിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താൻ കോടതി നിർദേശിച്ചു.
നിയമന നടപടി വൈകുമെന്നതിനാൽ കവരത്തി ദ്വീപിലെ മൃഗഡോക്ടർമാരുടെ സേവനം മറ്റ് ദ്വീപുകളിൽ അടിയന്തരമായി ലഭ്യമാക്കാനാവുമോയെന്ന് പരിശോധിക്കണം. ഇക്കാര്യത്തിൽ സർക്കാറിതര സംഘടനകളുടെ സഹായം ലഭ്യമാക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.