സ്കൂളിൽ ക്രിസ്മസ് ആഘോഷം തടഞ്ഞ വി.എച്ച്.പി നടപടി അപലപനീയം; വയനാട് സഹായം വൈകില്ലെന്നും മന്ത്രി ജോർജ് കുര്യൻ
text_fieldsന്യൂഡൽഹി: പാലക്കാട് നല്ലേപ്പിള്ളി ഗവ. യു.പി സ്കൂളിൽ ക്രിസ്മസ് ആഘോഷം തടഞ്ഞ വി.എച്ച്.പി പ്രവർത്തകരുടെ നടപടി അപലപനീയമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത സംഭവമാണ് നടന്നത്. ഇതിനെതിരെ സംസ്ഥാന സർക്കാർ നിയമനടപടി സ്വീകരിക്കണം. ഇപ്പോൾ സ്വീകരിച്ച നടപടിയെ പിന്തുണക്കുന്നു.
സർക്കാർ സ്കൂളിൽ ക്രിസ്മസ് ആഘോഷമാകാം എന്ന സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. നബിദിനവും ശ്രീകൃഷ്ണ ജയന്തിയും സർക്കാർ സ്കൂളുകളിൽ ആഘോഷിക്കാനുള്ള സാഹചര്യമുണ്ടെങ്കിൽ അതിനും അനുമതി നൽകണം. എല്ലാ മതങ്ങളുടെയും ആഘോഷരീതികൾ മനസ്സിലാക്കാൻ കുട്ടികൾക്ക് ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
2019ൽ ഇടുക്കി ബിഷപ്സ് ഹൗസിനുനേരെ ബോംബെറിഞ്ഞവരാണ് യൂത്ത് കോൺഗ്രസുകാർ. 2018 ഡിസംബർ 23ന് കരോൾ സംഘത്തെ ഡി.വൈ.എഫ്.ഐ ബന്ധമുള്ളവർ ആക്രമിച്ചത് സംബന്ധിച്ച് കേസുണ്ട്. ഇരുകൂട്ടരും പാലക്കാട്ട് സൗഹൃദ കരോൾ നടത്തുന്നത് പ്രായശ്ചിത്തമാകും. സംഘടനകളുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
മുനമ്പത്ത് അവ്യക്തത നീക്കണം
മുനമ്പം വിഷയത്തിൽ നിസാർ കമീഷൻ അന്വേഷിച്ച് സമർപ്പിച്ച റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചിരുന്നു. തുടർന്നും മറ്റൊരു ജുഡീഷ്യൽ കമീഷനെ നിയോഗിക്കുന്നത് പ്രായോഗികമാണോയെന്ന് വ്യക്തമാക്കണം. നിയമസഭയിൽ ഭൂമി വഖഫ് ആണെന്ന് വ്യക്തമാക്കിയ സർക്കാർ നിലപാട് മറികടന്ന് ജുഡീഷ്യൽ കമീഷന് അന്വേഷണം നടത്താനാവുമോ എന്നും വ്യക്തമാക്കേണ്ടതുണ്ട്. മുനമ്പത്തെ പാവപ്പെട്ട മനുഷ്യരെ കബളിപ്പിക്കരുത്. മന്ത്രിയെന്ന നിലയിൽ സാധ്യമായ എല്ലാ നിലയിലും പ്രശ്നപരിഹാരത്തിന് ഇടപെടും. നിയമസഭയുടെ പ്രമേയത്തിൽ മുൻതൂക്കം വഖഫിനാണ്. അന്താരാഷ്ട്ര ഇസ്ലാമിക് തീവ്രവാദികളുടെ തിരക്കഥയനുസരിച്ചാണ് രണ്ട് മുന്നണികളും പ്രവർത്തിക്കുന്നതെന്നും മന്ത്രി ജോർജ് കുര്യൻ പറഞ്ഞു.
വയനാട് സഹായം വൈകില്ല
വയനാട്ടിൽ സംസ്ഥാനത്തിന് സഹായം വൈകില്ല. ഏറ്റവും ഒടുവിൽ സമർപ്പിച്ച നിവേദന പ്രകാരമുള്ള തുക ഉടൻ അനുവദിക്കും. വയനാട്ടിൽ സർക്കാർ ചോദിച്ചതിനേക്കാൾ കൂടുതൽ നൽകിയിട്ടുണ്ട്. വായുസേനയുടെ സേവനം ഉപയോഗിച്ചാൽ പണം നൽകേണ്ടതുണ്ട്. എല്ലാ സംസ്ഥാനങ്ങളും അത് ചെയ്യുന്നുണ്ട്. കേരളം 2006 മുതൽ വായുസേനക്ക് പണം കുടിശ്ശികയാക്കിയിരിക്കുകയാണ്.
വയനാട് ദുരന്തത്തിന് പിന്നാലെ താൻ സംഭവസ്ഥലത്ത് എത്തുമ്പോൾ മറ്റൊരു നേതാവും അവിടെ ഇല്ലായിരുന്നു. കൊന്നാലും വയനാട്ടിൽനിന്ന് പോകില്ല എന്നുപറഞ്ഞ എം.പി അഞ്ചുമിനിറ്റ് ആണ് അവിടെ ചെലവഴിച്ചത്. താൻ സന്ദർശിച്ച് മടങ്ങുമ്പോഴാണ് സ്ഥലത്തെ ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ പോലുമെത്തിയതെന്നും കുര്യൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.