യോഗ്യത വിജ്ഞാപനത്തിലെ പിശക്; വി.എച്ച്.എസ്.ഇ ഉദ്യോഗാർഥികൾ പടിക്കുപുറത്ത്
text_fieldsകൽപറ്റ: സർക്കാർ പ്രിന്റിങ് പ്രസുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത വിജ്ഞാപനത്തിലെ പിശക് വി.എച്ച്.എസ്.ഇ പ്രിന്റിങ് കോഴ്സ് പൂർത്തിയാക്കിയ നിരവധി ഉദ്യോഗാർഥികൾക്ക് തിരിച്ചടിയാകുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് 19/2016/എച്ച്.ഇ.ഡി.എൻ പ്രകാരം സർക്കാർ പ്രസുകളുടെ സ്പെഷൽ റൂളിൽ ഉൾപ്പെടുത്തിയ ബൈൻഡർ തസ്തികയുടെ യോഗ്യത എസ്.എസ്.എൽ.സിയോടൊപ്പം പ്രിന്റിങ് ടെക്നോളജി ഡിപ്ലോമയോ കെ.ജി.ടി.ഇ ബൈൻഡിങ് അല്ലെങ്കിൽ വി.എച്ച്.എസ്.ഇ പ്രിന്റിങ്ങോ ആണ്. എന്നാൽ, സർക്കാർ പ്രസിലേക്കുള്ള ബൈൻഡിങ് ഗ്രേഡ് രണ്ട് തസ്തികയുടെ യോഗ്യത വിജ്ഞാപനത്തിൽ കെ.ജി.ടി.ഇ ബൈൻഡിങ് അല്ലെങ്കിൽ വി.എച്ച്.എസ്.ഇ പ്രിന്റിങ് എന്നതിൽ അല്ലെങ്കിൽ എന്നതിന് പകരം കോമയാണ് (,) ചേർത്തിരിക്കുന്നത്. ഇതുകാരണം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനത്തിലുൾപ്പെടെ വി.എച്ച്.എസ്.ഇ പ്രിന്റിങ് പാസായവരെ കെ.ജി.ടി.ഇ ബൈൻഡിങ് യോഗ്യതകൂടി വേണമെന്ന് പറഞ്ഞ് അധികൃതർ നിരാകരിക്കുകയാണെന്ന് ഉദ്യോഗാർഥികൾ പറയുന്നു. ഇതുകാരണം വി.എച്ച്.എസ്.ഇ പ്രിന്റിങ് പാസായ ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ അവസരമാണ് നഷ്ടപ്പെടുന്നത്. നിലവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന ഒഴിവുവരുന്ന സർക്കാർ പ്രിന്റിങ് പ്രസുകളിലെ ബൈൻഡിങ് തസ്തികകളിലേക്ക് വി.എച്ച്.എസ്.ഇ പ്രിന്റിങ് പാസായവരെ പരിഗണിക്കുന്നില്ല.
പി.എസ്.സിയാകട്ടെ 2021ലാണ് അവസാനമായി ഈ തസ്തികയിലേക്ക് വിജ്ഞാപനം ഇറക്കിയത്. യോഗ്യത മാനദണ്ഡങ്ങളിൽ വന്ന പിശകാണ് ഇതിനുശേഷം ഈ തസ്തികയിലേക്ക് വിജ്ഞാപനമിറക്കാത്തതെന്നാണ് അറിയുന്നത്. മാനദണ്ഡങ്ങൾ പരിഷ്കരിച്ച് പുതിയ വിജ്ഞാപനമിറക്കി പ്രശ്നം പരിഹരിക്കാൻ സർക്കാർ തയാറാവണമെന്ന ആവശ്യവുമായി ഉദ്യോഗാർഥികൾ രംഗത്തെത്തിയിട്ടുണ്ട്.
അവസരനിഷേധത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങാനുള്ള നീക്കത്തിലാണ് ഉദ്യോഗാർഥികൾ. അടുത്ത ദിവസം വയനാട്ടിൽ നടക്കുന്ന ജില്ല പ്രസിലേക്കുള്ള കൂടിക്കാഴ്ചക്കുള്ള പട്ടികയിൽനിന്ന് വി.എച്ച്.എസ്.ഇ പ്രിന്റിങ് ടെക്നോളജി കഴിഞ്ഞ ഉദ്യോഗാർഥികളെ ഒഴിവാക്കിയിട്ടുണ്ട്. വി.എച്ച്.എസ്.ഇ പ്രിന്റിങ്ങിനൊപ്പം കെ.ജി.ടി.ഇ ബൈൻഡിങ് യോഗ്യതകൂടി വേണമെന്നാണ് എംപ്ലോയ്മെന്റ് ഓഫിസിൽനിന്ന് ലഭിച്ച മറുപടിയെന്ന് ഉദ്യോഗാർഥികൾ പറയുന്നു. സംസ്ഥാനത്ത് 10 സർക്കാർ സ്കൂളുകളിലും എയ്ഡഡ് മേഖലയിൽ എറണാകുളം, വയനാട് ജില്ലകളിൽ ഓരോ വിദ്യാലയത്തിലുമായി 12 ബാച്ചുകളിൽനിന്ന് നാനൂറിലേറെ വിദ്യാർഥികൾ ഓരോവർഷവും വി.എച്ച്.എസ്.ഇ പ്രിന്റിങ് ടെക്നോളജി കോഴ്സ് പൂർത്തിയാക്കുന്നുണ്ട്. വയനാട് ജില്ലയിൽ വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രിന്റിങ് ടെക്നോളജി കോഴ്സുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.