പോക്‌സോ കേസിൽ വികാരിക്ക് ഏഴ് വർഷം കഠിന തടവ്
text_fieldsതൃശൂർ: ബാലികക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പുരോഹിതനെ പോക്സോ നിയമപ്രകാരം ശിക്ഷിച്ചു. ആമ്പല്ലൂർ സ്വദേശി രാജു കൊക്കനെയാണ് (49) തൃശൂർ ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരൻ ഏഴ് വർഷം കഠിന തടവിനും 50,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചത്. പിഴയടക്കാത്തപക്ഷം ശിക്ഷാ കാലാവധി അഞ്ചുമാസം കൂടി അനുഭവിക്കേണ്ടിവരും. പിഴ തുക അതിജീവിതക്ക് നൽകണം.
2014ലാണ് കേസിന് ആസ്പദമായ സംഭവം. ഇടവകയിലെ ആദ്യകുർബാന ക്ലാസിലെത്തിയ ബാലികയെ വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തി എന്നാണ് കുറ്റം. കുർബാന ക്ലാസിലെ കുട്ടികളും അധ്യാപകരും പുരോഹിതരും സാക്ഷികളായിരുന്നു. മൊബൈലിൽ എടുത്ത ഫോട്ടോകൾ നിർണായക തെളിവുകളായി പരിഗണിച്ചാണ് കേസ് തീർപ്പാക്കിയത്.
സമൂഹത്തിൽ മാതൃകാപരമായി പ്രവർത്തിക്കേണ്ട പുരോഹിതനിൽനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രവൃത്തിയാണെന്ന് കോടതി വിലയിരുത്തി. പ്രോസിക്യൂഷൻ 18 സാക്ഷികളെയും 24 രേഖകളും ഒമ്പതു തൊണ്ടിമുതലുകളും ഹാജരാക്കി. ഒല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർമാരായ എസ്.പി. സുധീരൻ, എൻ.കെ. സുരേന്ദ്രൻ, എ. ഉമേഷ് എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി തൃശൂർ ഫാസ്റ്റ് ട്രാക് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ് കുമാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.