നഗരസഭകൾക്ക് നിയമനിർമാണത്തിന് കൂടുതൽ അധികാരം നൽകണം –വെങ്കയ്യ നായിഡു
text_fieldsകൊച്ചി: മുനിസിപ്പൽ കോർപറേഷനുകൾക്ക് നിയമനിർമാണത്തിന് കൂടുതൽ അധികാരം നൽകണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഫലപ്രദമായ പ്രവർത്തനത്തിന് തടസ്സവും പദ്ധതി നിർവഹണത്തിന് കാലതാമസവുമുണ്ടാക്കുന്ന നിയമങ്ങൾ ഭേദഗതി ചെയ്യുകയും വേണം. കൊച്ചി നഗരസഭ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷരും അംഗങ്ങളും ജനങ്ങളോട് നേരിട്ട് ഉത്തരം പറയേണ്ടവരാണ്. ഉത്തരവാദിത്തം നിറവേറ്റാൻ കൂടുതൽ അധികാരത്തിനൊപ്പം ഫണ്ട്, പ്രവൃത്തി, ഉദ്യോഗസ്ഥർ എന്നിവയും നൽകി അവരെ പ്രാപ്തരാക്കണം. രാജ്യത്ത് നിയമം നിലവിൽവന്ന് കാലമേറെയായിട്ടും താഴേത്തട്ടിലേക്കുള്ള അധികാര കൈമാറ്റം വേണ്ട രീതിയിൽ നടന്നിട്ടില്ല. ഇക്കാര്യത്തിൽ കേരളം മെച്ചമാണ്. നികുതി നൽകുന്ന ജനങ്ങൾ അഴിമതിരഹിതവും സുതാര്യവും ഫലപ്രദവുമായ ഭരണമാണ് ആഗ്രഹിക്കുന്നത്. സുതാര്യത ഉണ്ടെങ്കിലേ ജനവിശ്വാസം ആർജിക്കാനാകൂ. അങ്ങനെ വന്നാല്‍ കൃത്യമായി നികുതി അടക്കും.
പദ്ധതിനിർവഹണത്തിലെ ചട്ടങ്ങൾ ഏകീകരിച്ചാൽ സ്മാര്‍ട്ട് സിറ്റിയടക്കമുള്ള പദ്ധതികളിലെ കാലതാമസം ഒഴിവാക്കാനാകും. കോട്ടും സ്യൂട്ടും ബൂട്ടുമിട്ട് നടക്കുന്ന നേതൃത്വം ഉണ്ടായാല്‍മാത്രം സ്മാര്‍ട്ട് സിറ്റിയുണ്ടാകില്ല. ഒരു നഗരത്തെ സ്മാര്‍ട്ട് സിറ്റിയാക്കാന്‍ ലീഡര്‍ സ്മാര്‍ട്ടാകണം. ഒപ്പം അംഗങ്ങളും ഉദ്യോഗസ്ഥരും സ്മാർട്ടാകണം. എല്ലാവരെയും ഒരു ടീമായി കൊണ്ടുപോയാലേ ഇത് സാധിക്കൂ.
രാജ്യത്തെ 20 നഗരങ്ങളെ സ്മാര്‍ട്ട് സിറ്റിയാക്കാന്‍ തെരഞ്ഞെടുത്തതില്‍ കൊച്ചിയുമുണ്ട്. കൊച്ചി മികച്ച സ്മാര്‍ട്ട് സിറ്റിയായി മാറുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും 60 ദിവസത്തിനകമാണ് അപേക്ഷകളില്‍ തീര്‍പ്പാക്കുന്നത്. അത് ആറുദിവസത്തികനം ചെയ്തുകൊടുക്കാന്‍ കഴിയണമെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.