സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ അതിജീവിത അപ്പീൽ നൽകും
text_fieldsകോഴിക്കോട്: എഴുത്തുകാരനും പാഠഭേദം മാസിക എഡിറ്ററുമായ സിവിക് ചന്ദ്രന് ലൈംഗിക പീഡനക്കേസിൽ കോഴിക്കോട് ജില്ലാ കോടതി മുൻകൂർ ജാമ്യം നൽകിയതിനെതിരെ അതിജീവിത ഹൈക്കോടതിയിൽ അപ്പീൽ നൽകും. സ്ത്രീ - ദലിത് പക്ഷ നിയമങ്ങൾ ഈ വിധിയിൽ അനിവാര്യമാം വിധം പരിഗണിക്കപ്പെട്ടിട്ടില്ല എന്നാണ് കുറ്റാരോപിതന് എളുപ്പം ജാമ്യം ലഭിച്ചതിൽ നിന്ന് മനസ്സിലാകുന്നതെന്ന് ഐക്യദാർഢ്യ കൂട്ടായ്മ അഭിപ്രായപ്പെട്ടു.
സ്ത്രീപീഡന കേസുകളിൽ ലൈംഗികാക്രമണകാരികളായ പുരുഷന്മാർക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കുന്ന പ്രവണത സമൂഹത്തിൽ കൂടുതൽ സ്ത്രീ പീഡകന്മാരെ സൃഷ്ടിക്കാൻ കാരണമാകും. പാർശ്വവൽകൃത ദലിത് സമൂഹത്തിൽ നിന്നുള്ള അതിജീവിതയ്ക്ക് ഇത്തരത്തിൽ നീതി നിഷേധിക്കപ്പെടുന്നത് അങ്ങേയറ്റം ദു:ഖകരമാണ്. വിധിയുടെ പകർപ്പ് കൈയ്യിൽ കിട്ടിയ ശേഷം വിശദമായ പ്രതികരണം നടത്തുമെന്നും ഇവർ അറിയിച്ചു.
'ജില്ലാ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചു എന്നത് കൊണ്ട് സിവിക് ചന്ദ്രൻ കുറ്റവിമുക്തനാകുന്നില്ല. സാമൂഹിക - സാംസ്കാരിക രംഗത്ത് പ്രമുഖനായി നിലകൊള്ളുന്ന സിവിക് ചന്ദ്രൻ നടത്തിയ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ പൊതുസമൂഹം തിരിച്ചറിയുകയും അതിജീവിതമാരുടെ നീതിക്ക് വേണ്ടിയുള്ള തുടർ പോരാട്ടത്തിന് പിന്തുണ നൽകി ഒപ്പം നിൽക്കുകയും ചെയ്യണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു' -കെ അജിത, സി എസ് ചന്ദ്രിക, ബിന്ദു അമ്മിണി, ശ്രീജ നെയ്യാറ്റിൻകര, അഡ്വ. കുക്കു ദേവകി, ദീപ പി മോഹൻ, എം സുൽഫത്ത്, ഡോ ധന്യ മാധ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.