ക്രിപ്റ്റോ കറൻസി നിക്ഷേപത്തട്ടിപ്പ്: കൂടുതൽ പേർ പരാതിയുമായി രംഗത്ത്
text_fieldsപൂക്കോട്ടുംപാടം: മോറിസ് കോയിൻ ക്രിപ്റ്റോ കറൻസിയുടെ പേരിൽ പണം നിക്ഷേപിച്ച് തട്ടിപ്പിനിരയായ കൂടുതൽ പേർ പരാതിയുമായി രംഗത്ത്. ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ എം.ഡി നിഷാദ് കിളിയിടുക്കിലിെൻറ പൂക്കോട്ടുംപാടം തോട്ടക്കരയിലുള്ള വീട്ടിൽ നിക്ഷേപകർ എത്തിയത് ബഹളത്തിനിടയാക്കി. കാസർകോട്, കോഴിക്കോട്, കൊണ്ടോട്ടി, വഴിക്കടവ് എന്നിവിടങ്ങളിൽനിന്നായി 35ഓളം പേരാണ് സംഘടിച്ചെത്തിയത്. ഇവരിൽ 10 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ട്.
തോട്ടക്കരയിലെ വീട്ടിലെത്തിയവർ ആദ്യം നിഷാദിനെ കാണണമെന്ന് ബന്ധുക്കളോട് അവശ്യപ്പെട്ടു. ചെറിയ തോതിൽ വാക്തർക്കവുണ്ടായി. പിന്നീട് പൊലീസെത്തി ഇവരെ പൂേക്കാട്ടുംപാടം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് അഡീഷനൽ എസ്.ഐ ഒ.കെ. വേണുവുമായി നടത്തിയ ചർച്ചയിൽ നിരവധി പരാതികളാണ് ഇവർ ഉന്നയിച്ചത്. സ്വത്തുക്കൾ വിറ്റും പണയംവെച്ചുമാണ് പലരും അമിതലാഭം പ്രതീക്ഷിച്ച് നിക്ഷേപം നടത്തിയിട്ടുള്ളത്.
നിക്ഷേപിച്ച ശേഷം രണ്ടോ മൂന്നോ തവണ മാത്രമാണ് തങ്ങളുടെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുള്ളതെന്നും പണം നഷ്ടപ്പെട്ടതു കാരണം പലരും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിക്കാർ പറയുന്നു. അതത് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകണമെന്നും കേസ് മലപ്പുറം ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നതെന്നും വിവരങ്ങൾ ലഭിക്കാൻ അവരുമായി ബന്ധപ്പെടണമെന്നും പൊലീസ് പരാതിക്കാരെ ബോധ്യപ്പെടുത്തി. ഇവരിൽനിന്ന് പ്രാഥമിക വിവരങ്ങൾ പൂക്കോട്ടുംപാടം പൊലീസ് ശേഖരിച്ചു. 15ഓളം പേരാണ് വിവരങ്ങൾ നൽകാൻ തയാറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.