തൃശൂരിലെ അവയവക്കച്ചവടത്തിലെ ഇരകള്‍ ഏജന്റുമാരുടെ ഭീഷണിയില്‍
text_fieldsതൃശൂര്‍: ഇടവേളക്കു ശേഷം തൃശൂരിലെ അവയവക്കച്ചവടം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ ഭീതിയില്‍ ജീവിതം തള്ളിനീക്കുകയാണ് ഇരകള്‍. തൃശൂർ മുല്ലശ്ശേരിയിലും സമീപ ഗ്രാമങ്ങളിലുമായി തട്ടിപ്പിനിരയായ 30ലധികം പേര് അവയവക്കച്ചവടത്തിന് ചുക്കാന്‍ പിടിക്കുന്ന ഏജന്റുമാരില്‍നിന്നുള്ള ഭീഷണി നേരിടുകയാണ്. ഇറാന് കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര അവയവ മാഫിയയിലെ കണ്ണിയായ തൃശൂര്‍ സ്വദേശി സാബിത്തിന്റെ അറസ്റ്റിന് പിന്നാലെയാണ് തൃശൂരിലെ അവയവ കച്ചവടം വീണ്ടും ചര്‍ച്ചയായത്. തൃശൂര്‍ ടൗണില്‍നിന്ന് 21 കിലോമീറ്റര്‍ അകലെ ചാവക്കാട് താലൂക്കില്‍പ്പെടുന്ന മുല്ലശ്ശേരി, പാവറട്ടി, വെങ്കിടങ് പഞ്ചായത്തുകളിലാണ് അവയവ മാഫിയ സജീവം. ഏറ്റവുമൊടുവില്‍ ഒരു മാസം മുമ്പ് മുല്ലശ്ശേരിയിലെ 35കാരനായ യുവാവാണ് ഏജന്റ് വഴി അവയവം വിൽപന നടത്തിയത്. പഞ്ചായത്തിലെ പട്ടികജാതി കോളനി പ്രദേശത്ത് പുറമ്പോക്കില്‍ താമസിക്കുന്ന ഇയാള്‍ 12 ലക്ഷം രൂപക്ക് കരൾ വിറ്റു. ഒന്നര വര്‍ഷത്തിനിടെ ഇയാള്‍ക്ക് പുറമെ ആറ് സ്ത്രീകള്‍ വൃക്കയും വിറ്റെന്നാണ് അറിയാന്‍ സാധിച്ചത്. എന്നാല്‍, ഏജന്റുമാരുടെ ഭീഷണി കാരണം ഇവര്‍ പരാതി നല്കാന് തയാറല്ല.
നോട്ടമിടുന്നത് നിര്‍ധനരെ
സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്നവരാണ് അവയവ മാഫിയയുടെ ഇരകള്‍. മുല്ലശ്ശേരിയിലും സമീപപ്രദേശങ്ങളിലും ലക്ഷംവീട് കോളനിയിലും പട്ടികജാതി കോളനിയിലും വാടക വീടുകളിലും താമസിക്കുന്നവരെയാണ് ഇവർ ചൂഷണം ചെയ്യുന്നത്. ജപ്തി ഭീഷണി നേരിടുന്ന കുടുംബങ്ങളും മാഫിയയുടെ ഇരകളാണ്. പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ജപ്തി അറിയിപ്പുകളില്നിന്ന് ഇത്തരം കുടുംബങ്ങളുടെ വിവരങ്ങള്‍ കൈക്കലാക്കിയശേഷം അവരെ അവയവ വില്പനക്ക് പ്രേരിപ്പിക്കുന്നതാണ് രീതി. ഇത്തരത്തിലാണ് മുല്ലശ്ശേരിയില് ഏജന്റുമാര്‍ ഇരകളെ കണ്ടെത്തിയതെന്ന് സംഭവം പുറത്തുകൊണ്ടുവന്ന മുല്ലശ്ശേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എ. ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു.
ഒരു വൃക്കക്ക് 10 ലക്ഷം രൂപയാണ് ഏജന്റുമാര്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, നാലോ അഞ്ചോ ലക്ഷം മാത്രം നല്കി ബാക്കി തുക ഏജന്റുമാര്‍ കൈക്കലാക്കുകയാണ് പതിവ്. നിയമപ്രകാരം അവയവ കൈമാറ്റത്തിനായി 20ലധികം രേഖകള്‍ ആവശ്യമാണ്. എന്നാല്‍, ഈ രേഖകളെല്ലാം ഏജന്റുമാര്‍ വ്യാജമായി തയാറാക്കി നല്കുന്നു. പ്രധാനമായി എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ വന്‍കിട സ്വകാര്യ ആശുപത്രികളിലാണ് തൃശൂരിലെ ഇരകളുടെ അവയവ കൈമാറ്റ ശസ്ത്രക്രിയകള്‍ ഏജന്റുമാര്‍ നടത്തുന്നത്. സര്‍ക്കാറിന്റെ അവയവദാന പദ്ധതിയായ ‘മൃതസഞ്ജീവനി’യുടെ കാലതാമസവും അവയവ മാഫിയ മുതലാക്കുന്നു.
പാതിവഴിയില്‍ നിലച്ച ആദ്യ അന്വേഷണം
2023 നവംബറില്‍ മുല്ലശ്ശേരിയിലെ അവയവക്കച്ചവടം സംബന്ധിച്ച് സി.എ. ബാബു മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഗുരുവായൂര്‍ അസിസ്റ്റന്റ് പൊലീസ് കമീഷണറുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നുമില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ചു. മുല്ലശ്ശേരിയില് കച്ചവടത്തിന് ചുക്കാന്‍ പിടിക്കുന്നെന്ന് പറയപ്പെടുന്ന ഏജന്റിന്റെ പേര് പുറത്തുവന്നിട്ടും ഇയാള്‍ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
എന്നാല്‍, അന്താരാഷ്ട്ര മാഫിയയിലെ കണ്ണിയായ സാബിത്തിന്റെ അറസ്റ്റോടെ മുല്ലശ്ശേരിയിലെ അവയവ കച്ചവടം സംബന്ധിച്ച് വീണ്ടും അന്വേഷണം തുടങ്ങുകയായിരുന്നു. എന്നാൽ, ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അന്വേഷണം കാര്യക്ഷമമല്ലെങ്കില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് ബാബു പറഞ്ഞു.
വനിത കമീഷന് റിപ്പോര്‍ട്ട് തേടി
തൃശൂര്‍: മുല്ലശ്ശേരിയിലെ അവയവ കച്ചവടം സംബന്ധിച്ച പരാതിയില്‍ വനിത കമീഷന് റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.