കന്നട വിജയം; കേരളത്തിലും ‘കളം മാറും’
text_fieldsതിരുവനന്തപുരം: കർണാടകയിലെ കോൺഗ്രസിന്റെ മിന്നും ജയം സംസ്ഥാന രാഷ്ട്രീയത്തെയും സ്വാധീനിക്കും. ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ സീറ്റുനില നിർണയിക്കുന്നതിൽ കർണാടകഫലവും ഒരു ഘടകമാകും. ദേശീയതലത്തിൽ തുടർച്ചയായ പരാജയങ്ങളിലും സംസ്ഥാനത്ത് ഇടതുസർക്കാറിന്റെ തുടർഭരണത്തിലും തളർന്ന കോൺഗ്രസിന് ജീവശ്വാസമാണ് ഈ വിജയം.നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും തടയാൻ രാഹുൽ ഗാന്ധിയും കോൺഗ്രസുമെന്ന പ്രതീക്ഷയിലാണ് 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് 19 സീറ്റ് എന്ന ചരിത്രനേട്ടം കൈവരിച്ചത്.
മറ്റിടങ്ങളിലെല്ലാം തകർന്നതോടെ കോൺഗ്രസിൽ അർപ്പിച്ച പ്രതീക്ഷ അസ്ഥാനത്തായി. പിന്നാലെ എൽ.ഡി.എഫ് സംസ്ഥാനത്ത് തുടർഭരണവും നേടി. ഇതോടെ, എൽ.ഡി.എഫ് 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ തിരിച്ചുവരവ് ഉറപ്പിച്ചതാണ്. എന്നാൽ, ജോഡോ യാത്ര നൽകിയ ഉണർവിനൊപ്പം കർണാടകയിലെ വിജയവും ചേരുമ്പോൾ കാര്യങ്ങൾ വീണ്ടും മാറുകയാണ്.
തൊട്ടടുത്ത വലിയ സംസ്ഥാന വലിയ മാർജിനിൽ മുന്നേറാൻ കഴിഞ്ഞത് രഹുൽ ഗാന്ധിയിലും കോൺഗ്രസിലും പുതിയ പ്രതീക്ഷകൾക്ക് വക നൽകുന്നുണ്ട്. അത് വേണ്ടവിധം പ്രയോജനപ്പെടുത്തിയാൽ 2019ലെന്നപോലെ വരുന്ന ലോക്സഭ തെരെഞ്ഞടുപ്പിൽ യു.ഡി.എഫിന് മേൽക്കൈ നേടാനാകും.
ബി.ജെ.പിയെ നേരിടുന്നതിൽ കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ലെന്നതാണ് സി.പി.എം മുന്നോട്ടുവെക്കുന്ന പ്രധാന വാദം. രാജ്യത്താകെ കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാരും മന്ത്രിമാരുമൊക്കെ ബി.ജെ.പിയിലേക്ക് ചേക്കേറുന്നത് പതിവായ സാഹചര്യത്തിൽ ആ വാദത്തിന് സ്വീകാര്യതയുമുണ്ട്.
കർണാടകയിൽ കോൺഗ്രസ് എം.എൽ.എമാർ കാലുമാറിയതിനൊടുവിലാണ് ബി.ജെ.പി ഭരണം പിടിച്ചത്. അതേ സംസ്ഥാനത്താണ് നരേന്ദ്ര മോദി മുന്നിൽ നിന്ന് നയിച്ച അങ്കത്തിൽ കോൺഗ്രസ് വലിയ വിജയം സ്വന്തമാക്കിയത്. അതേസമയം, കർണാടകയിൽ സി.പി.എം മത്സരിച്ച നാലിടത്തും പരാജയപ്പെട്ടു.
രണ്ടിടത്ത് കോൺഗ്രസിനോടും രണ്ടിടത്ത് ബി.ജെ.പിയോടുമാണ് സി.പി.എം തോറ്റത്. ഇത് ബി.ജെ.പിയെ ജയിക്കാൻ കോൺഗ്രസിനാകില്ലെന്ന പ്രചാരണം തടുക്കാനുള്ള കരുത്ത് കോൺഗ്രസിന് നൽകുന്നുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണത്തിൽ കർണാടകയിലെ വിജയം കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിലെ തിരിച്ചുവരവായി കാണുന്നില്ലെന്ന് എടുത്തുപറഞ്ഞതിന്റെ സാഹചര്യം അതാണ്.ഓരോ സംസ്ഥാനത്തെയും ഓരോ യൂനിറ്റായി കാണണമെന്നും കർണാടകയിൽ കോൺഗ്രസാണെങ്കിൽ കേരളത്തിൽ ബി.ജെ.പിയെ തടയാൻ ഇടതുപക്ഷമെന്നതിൽ കേന്ദ്രീകരിച്ചാകും ഇനി സി.പി.എം പ്രചാരണം.karnataka assembly elections 2023
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.