തണ്ടൊടിയാതെ കേരളത്തിലെ ബി.ജെ.പി...
text_fieldsകോട്ടയം: ദേശീയതലത്തിൽ സ്വപ്നംകണ്ട സീറ്റുകൾ നേടാനായില്ലെങ്കിലും ചരിത്രത്തിലാദ്യമായി ലോക്സഭ തെരഞ്ഞെടുപ്പിൽ താമര വിരിയിക്കാനായതും പല മണ്ഡലങ്ങളിലും മിന്നുന്ന പ്രകടനം കാഴ്ചവെക്കാനായതും ബി.ജെ.പി കേരള ഘടകത്തിന് ആശ്വാസമായി. തൃശൂരിൽ സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് വിജയിച്ചതെങ്കിലും മറ്റ് ചില മണ്ഡലങ്ങളിൽ മികച്ച പ്രകടനം നടത്തിയതും വോട്ട് ശതമാനം വർധിപ്പിച്ചതും ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യത്തിന് ആശ്വാസം. തൃശൂരിലെ ജയത്തിനുപുറമെ, തിരുവനന്തപുരം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖറിലൂടെ രണ്ടാംസ്ഥാനം നേടാനായതും ആറ്റിങ്ങലിൽ വി. മുരളീധരൻ, ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ, പാലക്കാട് സി. കൃഷ്ണകുമാർ, കോഴിക്കോട് എം.ടി. രമേശ് എന്നിവരിലൂടെ പ്രാധാന്യം കേരള രാഷ്ട്രീയത്തിൽ തെളിയിക്കാനായെന്നും ബി.ജെ.പി വിലയിരുത്തുന്നു.
2019ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ മിക്ക മണ്ഡലങ്ങളിലും ബി.ജെ.പിയുടെയും സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന്റെയും വോട്ട് വിഹിതത്തിൽ സാരമായ വർധനയുണ്ട്. പത്തനംതിട്ടയിൽ മാത്രമാണ് ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തെക്കാൾ വോട്ട് കുറഞ്ഞത്. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ബി.ജെ.പിക്ക് 16.7 ശതമാനം വോട്ട് നേടാനായി. 20 സീറ്റുകളിൽ 16ൽ ബി.ജെ.പിയും നാലിൽ ഘടകകക്ഷിയായ ബി.ഡി.ജെ.എസുമാണ് മത്സരിച്ചത്. എൻ.ഡി.എയുടെ വോട്ട് ശതമാനം 20 ശതമാനത്തിന് മുകളിലെന്നാണ് അനൗദ്യോഗിക കണക്ക്. തൃശൂരിൽ 37 ശതമാനത്തിലധികം വോട്ട് നേടിയാണ് ജയം. തിരുവനന്തപുരത്തും ബി.ജെ.പിയുടെ നില മെച്ചപ്പെട്ടു. സി.പി.എം വോട്ട് മറിച്ചാണ് രാജീവിനെ തോൽപിച്ചതെന്ന ആരോപണവും ബി.ജെ.പി നേതൃത്വമുന്നയിച്ചിട്ടുണ്ട്. 36 ശതമാനത്തോളം വോട്ടും നേടാനായി.
ക്രിസ്ത്യൻ വോട്ടുകൾ ആകർഷിക്കാൻ സാധിച്ചെന്നാണ് ബി.ജെ.പി വിലയിരുത്തൽ. മലപ്പുറത്തും പൊന്നാനിയിലും വോട്ട് വർധിച്ചത് മുസ്ലിം വിഭാഗങ്ങളിൽ നിന്ന് പിന്തുണ ലഭിച്ചെന്ന വിലയിരുത്തലിനും അവരെ പ്രേരിപ്പിക്കുന്നു. ആറ്റിങ്ങൽ, ആലപ്പുഴ മണ്ഡലങ്ങളിലെ മികച്ച പ്രകടനമാണ് മറ്റൊന്ന്. ആറ്റിങ്ങലിൽ കഴിഞ്ഞതവണ നേടിയതിനെക്കാൾ 60,000ത്തോളം അധിക വോട്ടോടെ മൂന്ന് ലക്ഷത്തിലധികം വോട്ട് നേടാൻ വി. മുരളീധരന് സാധിച്ചതും പല നിയമസഭ മണ്ഡലങ്ങളിലും ലീഡ് നേടാൻ കഴിഞ്ഞതും ബി.ജെ.പിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ആലപ്പുഴയിൽ കഴിഞ്ഞതവണ നേടിയ 1,87,729 വോട്ട് മൂന്ന് ലക്ഷത്തോളമാക്കാൻ ശോഭ സുരേന്ദ്രനിലൂടെ സാധിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി നേടിയതിനെക്കാൾ 50,000ൽ അധികം വോട്ട് നേടിയതിലും ബി.ജെ.പിക്ക് ആശ്വസിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.