'കൊച്ച് ഇങ്ങ് വാ, എന്ത് പ്രശ്നം ആണെങ്കിലും പരിഹരിച്ച് തരാം' -ആത്മഹത്യക്ക് ഒരുങ്ങിയ പെൺകുട്ടിയെ രക്ഷിക്കുന്ന അടിമാലി എസ്.ഐയുടെ വിഡിയോ വൈറൽ
text_fieldsഅടിമാലി: 'കൊച്ച് ഇങ്ങ് വാ, എന്താണോ നിനക്ക് വേണ്ട പരിഹാരം അത് ചെയ്ത് തരും. മുകളിലേക്ക് കയറി വാ, ഇവിടെ ഇരിക്ക്, എന്നോട് പറയ് പ്രശ്നം എന്താണെന്ന്, എന്ത് പ്രശ്നം ആണെങ്കിലും ഞാൻ പരിഹരിച്ച് തരാം' -മരണം വരിക്കാൻ ഇറങ്ങിത്തിരിച്ച പെൺകുട്ടിയെ അടിമാലി എസ്.ഐ സന്തോഷ്, ഒരച്ഛന്റെ കരുതലോടെ ജീവിതത്തിലേക്ക് തിരിച്ചുവിളിക്കുന്ന വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറൽ.
'ഇങ്ങ് വാ, കയറി വാടാ, ഞാനല്ലെ പറയുന്നെ നിന്നോട്.... വീഴല്ലേ, വീഴല്ലേ സൂക്ഷിച്ച്, നിന്റെ പ്രശ്നം പരിഹരിക്കാതെ ആരുടെ ഒരു പ്രശ്നവും ഇവിടെ പരിഹരിക്കില്ല, സൂക്ഷിച്ച് വരണം..., സൂക്ഷിച്ച് കാല് തെന്നരുത്... പറഞ്ഞാ തീരാത്ത പ്രശ്നമുണ്ടോ....' -എന്ന് സ്നേഹത്തോടെ വിളിച്ചാണ് സന്തോഷ് പെൺകുട്ടിയെ ആത്മഹത്യ ശ്രമത്തിൽനിന്ന് പിന്തിരിപ്പിച്ചത്.
കാമുകൻ ബന്ധത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നാണ് പെൺകുട്ടി പാറയുടെ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ബുധനാഴ്ച്ച രാവിലെ 7 മണിയോടെയായിരുന്നു സംഭവം. അടിമാലി മലമുകളിൽ തലമാലി കുതിരയള ഭാഗത്താണ് പെൺകുട്ടി ആത്മഹത്യ ഭീഷണി മുഴക്കി നിലയുറപ്പിച്ചത്.
തുടർന്ന് എസ്.ഐ സന്തോഷിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പെൺകുട്ടിയെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു.
പുലർച്ചെ രണ്ട് മണിയോടെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. വീട്ടുകാരും നാട്ടുകാരും എല്ലാ മേഖലയും അരിച്ചു പെറുക്കിയെങ്കിലും കണ്ടെത്തിയിരുന്നില്ല. പിന്നീട് 7 മണിയോടെയാണ് പെൺകുട്ടിയെ പാറക്കെട്ടിന് മുകളിൽ കണ്ടെത്തിയത്.
നാട്ടുകാർ അടുത്ത് ചെല്ലാൻ ശ്രമിച്ചപ്പോൾ കൂടുതൽ അപകട മേഖലയിലേക്ക് നീങ്ങി. ഇതിനിടെ വിവരമറിഞ്ഞ് പൊലീസും എത്തി അനുനയിപ്പിച്ച് തിരിച്ച് ഇറങ്ങിയതോടെയാണ് എല്ലാവർക്കും ആശ്വാസമായത്. നാട്ടുകാരും ഫയർ ഫോഴ്സും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.