വിദ്യ നാളെ നീലേശ്വരം പൊലീസിൽ ഹാജരാകും
text_fieldsനീലേശ്വരം: വ്യാജരേഖ കേസിൽ അഗളി പൊലീസ് അറസ്റ്റ് ചെയ്ത തൃക്കരിപ്പൂരിലെ കെ. വിദ്യ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച ഹാജരാകും. ചില ശാരീരിക പ്രശ്നങ്ങൾമൂലം ഞായറാഴ്ച സ്റ്റേഷനിൽ എത്താനാവില്ലെന്നും ചൊവ്വാഴ്ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും വിദ്യ അന്വേഷണ ഉദ്യോഗസ്ഥൻ കെ. പ്രേംസദനെ അറിയിച്ചു.
ഞായറാഴ്ച ഹാജരാവില്ലെന്ന് ഇ-മെയിലിലൂടെയാണ് വിദ്യ അറിയിച്ചത്. ചൊവ്വാഴ്ച ഹാജരായാൽ ചോദ്യംചെയ്യലിനു ശേഷം തെളിവെടുപ്പിനായി കരിന്തളം ഗവ. കോളജിലും തൃക്കരിപ്പൂരിലെ വീട്ടിലേക്കും കൊണ്ടുപോകും.
അറസ്റ്റ് രേഖപ്പെടുത്തുന്നതിൽ ഹാജരായി ചോദ്യംചെയ്യലിനു ശേഷം മാത്രമേ തീരുമാനമുണ്ടാകൂ. അഗളിയിലേതിനെക്കാൾ ഗുരുതര കേസാണ് നീലേശ്വരത്തേത്. വ്യാജരേഖ ഉപയോഗിച്ച് 10 മാസക്കാലം ജോലി ചെയ്ത് ശമ്പളം കൈപ്പറ്റിയെന്ന ഗുരുതര കുറ്റകൃത്യമാണ് നീലേശ്വരത്ത് നടന്നത്. 2022 ജൂൺ മുതൽ 2023 മാർച്ച് വരെയുള്ള അധ്യയന വർഷത്തിൽ വിദ്യ കരിന്തളം കോളജിൽ മലയാളം ഗെസ്റ്റ് ലെക്ചററായി ജോലി ചെയ്തിരുന്നു. ഇതിന് മഹാരാജാസ് കോളജിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചുവെന്ന് കോളജ് പ്രിൻസിപ്പൽ ജെയ്സൻ ബി. ജോസഫിന്റെ പരാതിയിലാണ് നീലേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
വ്യാജരേഖ ചമക്കൽ, ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ കേസാണ് ചുമത്തിയിരിക്കുന്നത്. ഗെസ്റ്റ് ലെക്ചറർ നിയമന ഇൻറർവ്യൂവിൽ വിദ്യ ഹാജരാക്കിയ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് പരിശോധിക്കാൻ മഹാരാജാസ് കോളജിന് അയച്ചുകൊടുത്തിരുന്നു. ഇത് വ്യാജമെന്ന് മഹാരാജാസ് കോളജ് അധികൃതർ വ്യക്തമാക്കിയതിനെ തുടർന്നാണ് നിയമ നടപടിക്കൊരുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.