വിദ്യാനന്ദ സ്വാമി കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ സന്ദർശിച്ചു
text_fieldsകോഴിക്കോട്: ശ്രീനാരായണ വേള്‍ഡ് റിസേര്‍ച് ആന്‍ഡ് പീസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വിദ്യാനന്ദ സ്വാമി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സന്ദർശിച്ചു. മര്‍കസ് സ്ഥാപനങ്ങളും മര്‍കസ് നോളജ് സിറ്റിയും സന്ദര്‍ശിച്ച അദ്ദേഹം കാന്തപുരത്തിന്‍റെയും മര്‍കസിന്‍റെയും വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സന്തോഷം രേഖപ്പെടുത്തി. മതസൗഹാര്‍ദം നിലനിർത്തുന്നതിനും വിവിധ മതവിശ്വാസികൾക്കിടയിലെ ബന്ധം ഊഷ്മളമാക്കുന്നതിനും മതനേതൃത്വങ്ങൾ ശ്രദ്ധിക്കണമെന്ന് ഇരുവരും ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മതവും വിശ്വാസവും സമൂഹനന്മ ലക്ഷ്യംവെച്ചുള്ള സംവിധാനങ്ങളായതിനാല്‍ സമാധാനം ഉറപ്പിക്കുന്നതിലും വിശ്വാസികളുടെ ധാര്‍മിക ജീവിത രീതികള്‍ പരിപോഷിപ്പിക്കുന്നതിലുമാകണം നേതൃത്വങ്ങൾ ശ്രദ്ധിക്കേണ്ടത്. പരസ്പരം തോളോട് തോള്‍ ചേര്‍ന്നുനിന്നാണ് കേരളത്തനിമയെ നാം കെട്ടിപ്പടുത്തത്. മമ്പുറം തങ്ങള്‍ ആത്മീയ രംഗത്തും ശ്രീനാരായണ ഗുരു സാമൂഹിക പരിഷ്‌കരണ രംഗത്തും കേരളത്തിന്റെ സാമൂഹിക ബന്ധങ്ങളെ അഗാധമാക്കുന്നതിനു യത്‌നിച്ച മഹത് വ്യക്തിത്വങ്ങളാണ്. അത്തരം മഹത്തുക്കളുടെ വഴിയേ പരസ്പരം കൊടുക്കല്‍ വാങ്ങലുകള്‍ നടത്തി, കലര്‍പ്പില്ലാത്ത ഹൃദയ ബന്ധങ്ങള്‍ പുലര്‍ത്തി വേണം മലയാളികള്‍ മുന്നോട്ടുപോകാന്‍.
മതത്തിന്‍റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രചാരണങ്ങളില്‍ നിന്നും മാറിനില്‍ക്കണം. പരസ്പര ഐക്യം കാത്തുസൂക്ഷിച്ചു നാടിന്‍റെ വികസനത്തിനും സമൂഹത്തിന്‍റെ മുന്നേറ്റത്തിനും ഒരുമിച്ചു നിന്ന് സര്‍ഗാത്മകമായി മുന്നോട്ടു പോകണം. ക്രയശേഷിയിലും ബൗദ്ധികതയിലും ലോകത്ത് വളരെ മുന്നിട്ടുനില്‍ക്കുന്നവരാണ് മലയാളികള്‍. നമ്മുടെ ഈ സാധ്യതകളെ പ്രയോജനപ്പെടുത്തി കേരളത്തിലും പുറത്തും ഏറ്റവും നല്ല സമൂഹങ്ങളെ പടുത്തുയര്‍ത്താന്‍ കഴിയണം -പ്രസ്താവനയില്‍ പറഞ്ഞു.
മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, ശ്രീനാരായണ വേള്‍ഡ് റിസേര്‍ച് ആന്‍ഡ് പീസ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ബിജു ദേവരാജ്, മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി. അബ്ദുല്‍ ഹകീം അസ്ഹരി, ശ്രീനാരായണ വേള്‍ഡ് റിസേര്‍ച് ആന്‍ഡ് പീസ് ഫൗണ്ടേഷന്‍ അഡ്വൈസര്‍ ആന്‍ഡ് ട്രസ്റ്റി അഡ്വ. അനില്‍ തോമസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.