വിദ്യയുടെ വ്യാജ രേഖ: മഹാരാജാസിൽ ആർക്കും പങ്കില്ലെന്ന് ഗവേണിങ് കൗൺസിൽ
text_fieldsകൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥിനിയും എസ്.എഫ്.ഐ നേതാവുമായിരുന്ന കെ. വിദ്യ ഇവിടെ ജോലി ചെയ്തെന്ന വ്യാജ രേഖ ചമച്ചതിൽ കോളജിൽ ആർക്കും പങ്കില്ലെന്ന് കോളജ് ഗവേണിങ് കൗൺസിൽ. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദമായതിന് പിന്നിൽ കോളജ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നെന്ന ആരോപണം തള്ളിയ കൗൺസിൽ, ഈ വിഷയം സർക്കാർ പൊലീസ് അന്വേഷണത്തിന് വിട്ടതിനാൽ വിശദ ചർച്ചക്ക് എടുത്തില്ല.
വ്യാജരേഖ, മാർക്ക് വിഷയങ്ങളാണ് പ്രധാനമായും പരിഗണിച്ചത്. പരീക്ഷാഫലം തെറ്റായി വന്നത് സാങ്കേതിക പിഴവ് തന്നെയെന്ന് കൗൺസിലും വിലയിരുത്തി. സോഫ്റ്റ്വെയർ തകരാറെന്നും കോളജ് ഓട്ടോണമസ് ആയ ശേഷമാണ് സോഫ്റ്റ്വെയർ തകരാർ സംഭവിച്ചതെന്നും കൗൺസിലിൽ വ്യക്തമാക്കപ്പെട്ടു.
കെ.എസ്.യു പ്രവർത്തകയുടെ പുനർമൂല്യനിർണയ ഫലത്തിൽ ആർക്കിയോളജി വകുപ്പ് കോഴ്സ് കോഓഡിനേറ്റർ ഇടപെട്ടെന്ന പി.എം. ആർഷോയുടെ വാദം തള്ളുന്ന അന്വേഷണ റിപ്പോർട്ട് കൗൺസിൽ അംഗീകരിച്ചു. പുനർമൂല്യനിർണയം പരീക്ഷ നിയമാവലി പ്രകാരമാണെന്നും കൂടുതൽ മാർക്ക് ലഭിച്ചത് മൂല്യനിർണയത്തിലെ അപാകതയായി കാണാനാകില്ലെന്നുമായിരുന്നു അന്വേഷണ റിപ്പോർട്ട്.
മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ടാണ് കെ.എസ്.യു പ്രവർത്തക ആർദ്ര മോഹൻദാസിന്റെ മൂല്യനിർണയത്തിൽ കോഴ്സ് കോഓഡിനേറ്റർക്കെതിരെ ആർഷോ ആരോപണം ഉന്നയിച്ചത്. വിദ്യാർഥിനിക്ക് പുനർമൂല്യനിർണയത്തിൽ മാർക്ക് കൂട്ടി നൽകിയെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ പരാതി നൽകിയിട്ടുണ്ടെന്നും പരാതിയിന്മേൽ അധ്യാപകനെതിരെ നടപടി വന്നിട്ടുണ്ടെന്നും ആർഷോ പറഞ്ഞിരുന്നു. വിദ്യാർഥികൾ പരാതി നൽകിയിരുന്നുവെന്നത് ശരിയാണെങ്കിലും മൂല്യനിർണയത്തിൽ അപാകതയില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.