വിദ്യയുടെ പിഎച്ച്.ഡി പ്രവേശനം: അന്വേഷണം പ്രഖ്യാപിച്ച് കാലടി സർവകലാശാല
text_fieldsകാലടി: കെ. വിദ്യയുടെ പിഎച്ച്.ഡി പ്രവേശനം സംബന്ധിച്ച് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു. പ്രവേശനത്തിൽ സംവരണം അട്ടിമറിച്ചു എന്നതടക്കം ആരോപണങ്ങൾ സിൻഡിക്കേറ്റിന്‍റെ ലീഗൽ സ്റ്റാൻഡിങ് കമ്മിറ്റി അന്വേഷിക്കുമെന്ന് വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ അറിയിച്ചു.
ഒറ്റപ്പാലം എം.എൽ.എയും സിൻഡിക്കേറ്റ് അംഗവുമായ അഡ്വ. കെ. പ്രേംകുമാർ ചെയർമാനായ അഞ്ചംഗ ഉപസമിതിയാണ് അന്വേഷണം നടത്തുന്നത്. പ്രഫ. ഡി. സലിംകുമാർ, പ്രഫ. എസ്. മോഹൻദാസ്, ഡോ. സി.എം. മനോജ്കുമാർ, ഡോ. പി. ശിവദാസൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. വിദ്യയുടെ പിഎച്ച്.ഡി പ്രവേശനത്തിൽ സംവരണം അട്ടിമറിച്ചതായി സർവകലാശാലയിലെ എസ്.സി-എസ്.ടി സെൽ കണ്ടെത്തിയിരുന്നു.
വ്യാജരേഖ ചമച്ചെന്ന ആരോപണം നേരിടുന്ന വിദ്യയുടെ റിസർച് ഗൈഡായ മലയാള വിഭാഗം അധ്യാപികയും സിൻഡിക്കേറ്റ് അംഗവുമായ ബിച്ചു എക്സ്. മലയിൽ ഗൈഡ് സ്ഥാനം ഒഴിയുകയാണെന്നുകാണിച്ച് കഴിഞ്ഞദിവസം വി.സിക്ക് കത്ത് നൽകിയിട്ടുണ്ട്. വിവാദങ്ങൾ അന്വേഷിച്ച് ക്രമക്കേട് നടന്നെങ്കിൽ നടപടിയെടുക്കണമെന്നാണ് ഇവർ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.