ഡയറക്ടറായി എ.ഡി.ജി.പി മതി: വിജിലൻസിനെ തരംതാഴ്ത്താൻ കേരളം
text_fieldsതിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ തസ്തിക ഡി.ജി.പി കേഡർ തസ്തികയിൽനിന്ന് എക്സ് കേഡർ തസ്തികയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര പേഴ്സനൽ മന്ത്രാലയത്തിന് കത്തുനൽകി. എ.ഡി.ജി.പി പദവിയുള്ളവരെ വിജിലൻസ് ഡയറക്ടറായി നിയമിക്കുന്നതിനാണ് ഇത് എക്സ് കേഡർ തസ്തികയാക്കി മാറ്റണമെന്ന ആവശ്യം കേന്ദ്രത്തിന് മുന്നിൽെവച്ചത്. എന്നാൽ, കേഡർ റിവ്യൂ സമിതി യോഗംചേർന്ന് തീരുമാനം അംഗീകരിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്തിെൻറ ആവശ്യം അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് വിവരം.
സംസ്ഥാനത്ത് വിജിലൻസ് ഡയറക്ടറായി നിയമിക്കാൻ നിലവിൽ മികച്ച ഉദ്യോഗസ്ഥരില്ലാത്ത സാഹചര്യത്തിൽ എക്സ് കേഡർ തസ്തികയാക്കി മാറ്റുന്നതിന് അനുമതി നൽകണമെന്നാണ് സംസ്ഥാനത്തിെൻറ ആവശ്യം. കൂടാതെ, ഭരണപരിഷ്കാര കമീഷെൻറ ശിപാർശ പ്രകാരം സംസ്ഥാനത്ത് വിജിലൻസ് കമീഷൻ കൂടി വരുന്നതോടെ വിജിലൻസ് ഡയറക്ടർ പദവി എക്സ് കേഡർ ആക്കാമെന്നാണ് സംസ്ഥാനത്തിെൻറ വാദം. വിജിലൻസ് ഡയറക്ടറുടേത് എക്സ് കേഡർ തസ്തികയാക്കിയാൽ പകരം ഫയർ ആൻഡ് െറസ്ക്യൂ വിഭാഗം മേധാവിയുടേത് കേഡർ തസ്തികയാക്കാമെന്നാണ് കേരളം പറയുന്നത്. വിജിലൻസ് ഡയറക്ടർ തസ്തിക കൂടാതെ സംസ്ഥാന പൊലീസ് മേധാവിയുടേതാണ് ഡി.ജി.പി കേഡർ തസ്തിക.
സംസ്ഥാനത്ത് ഡി.ജി.പി പദവിയിൽ 12 ഉദ്യോഗസ്ഥരാണുള്ളത്. ഇതിൽ നാലുപേരുടെ ഡി.ജി.പി പദവിയാണ് കേന്ദ്രം അംഗീകരിച്ചതും ശമ്പളം നൽകുന്നതും. മറ്റുള്ളവർ എ.ഡി.ജി.പിയുടെ ശമ്പളമാണ് വാങ്ങുന്നത്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വിജിലൻസ് ഡയറക്ടറായി തുടരുന്നത് ചട്ടവിരുദ്ധമാണെന്ന് കഴിഞ്ഞദിവസം കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഇരട്ടപ്പദവി വഹിക്കുന്ന ലോക്നാഥ് ബെഹ്റയെ വിജിലൻസ് ഡയറക്ടറുടെ ചുമതലയിൽനിന്ന് ഒഴിവാക്കിയാൽ സർക്കാറിന് താൽപര്യമുള്ള ഉദ്യോഗസ്ഥനെ കിട്ടാൻ പ്രയാസമാണ് എന്നതാണ് കാരണം.
നിലവിൽ കേന്ദ്രം അംഗീകരിച്ച ഡി.ജി.പിമാരിൽ ഏറ്റവും മുതിർന്നയാളായ ജേക്കബ് തോമസ് ഇപ്പോൾ സസ്പെൻഷനിലാണ്. ലോക്നാഥ് ബെഹ്റ സംസ്ഥാന പൊലീസ് മേധാവിയും. ഋഷിരാജ് സിങ് എക്സൈസ് കമീഷണറാണ്. മറ്റൊരു ഡി.ജി.പി പദവിയുള്ളത് കേന്ദ്ര െഡപ്യൂട്ടേഷനിലുള്ള എൻ.സി. അസ്താനക്കാണ്. എന്നാൽ അസ്താനയുടെ ഡി.ജി.പി പദവിക്ക് ഇതുവരെ കേന്ദ്ര അംഗീകാരം ലഭിച്ചിട്ടില്ല. കേന്ദ്ര അനുമതി ലഭിച്ചാൽ വിജിലൻസ് ഡയറക്ടർ തസ്തികയിൽ നിലവിലെ വിജിലൻസ് എ.ഡി.ജി.പി ഷെയ്ക് ദർവേശ് സാഹിബിനെ നിയമിക്കാനാണ് സർക്കാർ ആലോചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.