ബത്തേരിയിൽ അതിർത്തി കടന്ന് വാഹന പ്രവാഹം; ജാഗ്രത കൂട്ടണം
text_fieldsസുൽത്താൻ ബത്തേരി: തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ചെക്ക്പോസ്റ്റുകൾ കടന്ന് വാഹനങ്ങൾ ഏറെ എത്തുന്ന ബത്തേരിയിൽ ജാഗ്രത കടുപ്പിച്ചില്ലെങ്കിൽ കോവിഡ് വ്യാപന ഉണ്ടാകാൻ സാധ്യത. മുത്തങ്ങ ചെക്ക്പോസ്റ്റ് കടന്നു മാത്രം നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും എത്തുന്നത്. കല്ലൂരിലെ കോവിഡ് ഫെസിലിറ്റേഷൻ സെൻററിൽ കയറ്റിയതിന് ശേഷമാണ് യാത്രക്കാരെ പറഞ്ഞുവിടുന്നത്.
ഇവർ വീടുകളിലും മറ്റും പോയി ക്വാറൻറീനിൻ കഴിയാൻ ബാധ്യസ്ഥരാണ്. വീടുകളിൽ എത്തുന്നതു വരെ ഇവരെ നിരീക്ഷിക്കാൻ കാര്യമായ സംവിധാനമില്ല. സ്റ്റിക്കർ മനസ്സിലാക്കി വാഹനങ്ങൾ കടന്നുപോകുന്ന ഭാഗങ്ങളിലെ നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറയുമ്പോൾ അത് എത്രമാത്രം പ്രായോഗികമാകുമെന്ന് കണ്ടറിയണം.
കഴിഞ്ഞ ദിവസം മുത്തങ്ങ ചെക്ക്പോസ്റ്റ് കടന്നുവന്ന കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാർ ബീനാച്ചിയിൽ നിർത്തി യാത്രക്കാർ പുറത്തിറങ്ങിയിരുന്നു. ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു അവർ. നാട്ടുകാർ കാറിലെ സ്റ്റിക്കർ കണ്ട് യാത്രക്കാരെ പറഞ്ഞുവിട്ടു. താളൂർ, കക്കുണ്ടി, വെള്ളച്ചാൽ, പാട്ടവയൽ ചെക്ക്പോസ്റ്റുകൾ കടന്നാണ് തമിഴ്നാട്ടിൽ നിന്നും വാഹനങ്ങൾ എത്തുന്നത്. ഇവർ നേരെ കല്ലൂരിലെ ഫെസിലിറ്റേഷൻ സെൻററിൽ
പോയി കോവിഡ് പരിശോധന നടത്തണമെന്നാണ് ചട്ടം. കല്ലൂരിലേക്കുള്ള യാത്രയും തിരിച്ചുള്ള യാത്രയും സുൽത്താൻ ബത്തേരി വഴിയേ സാധിക്കൂ. ദീർഘയാത്രയാണിത്.
കോവിഡ് സ്ഥിരീകരിച്ച തമിഴ്നാട്ടുകാരനായ ലോറി ഡ്രൈവർ സുൽത്താൻ ബത്തേരിയിലെത്തി കടകളിൽ കയറിയിരുന്നു. ഇതിൽ നിന്നും പാഠം ഉൾക്കൊണ്ട് അധികൃതർ ചരക്കുവാഹനങ്ങളിലെ ജീവനക്കാർക്ക് വലിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.