കെണിയൊരുക്കി വിജിലൻസ്;35 ട്രാപ് കേസുകൾ,40 പേരെ പ്രതിചേര്‍ത്തു
text_fieldsതിരുവനന്തപുരം: വിജിലന്‍സ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ട്രാപ് കേസുകളില്‍ വര്‍ധന. പരാതിക്കാരെ ഉപയോഗിച്ചോ അല്ലാതെയോ കെണിയൊരുക്കി അഴിമതിക്കാരെ പിടികൂടുന്നതാണ് ട്രാപ് കേസ്. ഈവർഷം ജൂലൈ 15 വരെ 35 ട്രാപ് കേസുകളിലായി 40 പേരെ പ്രതിചേര്‍ത്തു.
റവന്യൂ വകുപ്പില്‍ 10, തദ്ദേശ വകുപ്പില്‍ ആറ്, ആരോഗ്യവകുപ്പില്‍ നാലും പൊലീസ് വകുപ്പില്‍ മൂന്ന് കേസും രജിസ്റ്റര്‍ ചെയ്തു. എട്ട് ട്രാപ് കേസുള്ള തൃശൂരിലാണ് ഈ വര്‍ഷം കൂടുതൽ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 47 കേസുകൾ മാത്രമാണ്.
ഒമ്പത് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് 2022ല്‍ ആയിരുന്നു. 2015ലും 2016ലും 20 കേസ് വീതമാണുണ്ടായിരുന്നത്. 2017ല്‍ (21), 2018ല്‍ (16), 2019ല്‍ (17), 2020ല്‍ (24), 2021ല്‍ (30) എന്നിങ്ങനെയായിരുന്നു രജിസ്റ്റര്‍ ചെയ്ത ട്രാപ് കേസുകളുടെ എണ്ണം. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി അവര്‍ക്ക് മേല്‍ വിജിലന്‍സ് നിരീക്ഷണം നടത്തുന്നു. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ പരാതിക്കാരെ ഉപയോഗിച്ചോ അല്ലാതെയോ കെണിയൊരുക്കി അഴിമതിക്കാരെ പിടികൂടുന്നു. ഇതിനായി വകുപ്പുകളില്‍ ഏത് സമയത്തും മിന്നല്‍ പരിശോധന നടത്തുന്നു.
ഈ വര്‍ഷം രഹസ്യാന്വേഷണ വിഭാഗത്തില്‍ 46 കേസുകളും 43 പ്രാഥമികാന്വേഷണവും 42 വിജിലന്‍സ് അന്വേഷണവും 489 മിന്നല്‍ പരിശോധനയും അനധികൃത സ്വത്ത് സമ്പാദനത്തില്‍ 93 കേസും രജിസ്റ്റര്‍ ചെയ്തു. വിവിധ വകുപ്പുകളിലായി അഴിമതിക്കാരായ ഉദ്യോഗസ്ഥരെക്കുറിച്ചുള്ള 5279 പരാതി ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.