പരിഗണിക്കാൻ നിശ്ചയിച്ച ഹരജി ബെഞ്ചിലെത്തിയില്ല: രജിസ്ട്രിയോട് വിശദീകരണം തേടി ഹൈകോടതി
text_fieldsകൊച്ചി: വെള്ളിയാഴ്ച പരിഗണിക്കാൻ നിശ്ചയിച്ചിരുന്ന ഹരജി കേസ് ലിസ്റ്റിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന് ഹൈകോടതി രജിസ്ട്രിക്ക് കോടതിയുടെ വിമർശനം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചേംബറിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷം ഉച്ചക്ക് കേസ് പരിഗണിച്ച് അടുത്തയാഴ്ചത്തേക്ക് മാറ്റി. ഉദ്യോഗസ്ഥരുടെ വിശദീകരണം അംഗീകരിച്ചതിനാൽ കൂടുതൽ നടപടിക്ക് മുതിരാതെയാണ് കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി വിഷയം അവസാനിപ്പിച്ചത്.
എം.പി ഫണ്ട് ഉപയോഗിച്ച് സ്വകാര്യ വ്യക്തിക്ക് ഗുണകരമായി റോഡ് നിർമിച്ചെന്ന വിജിലൻസ് കേസ് റദ്ദാക്കാൻ മുൻമന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ ലേക് പാലസ് റിസോർട്ട് ഉടമകളായ വാട്ടർ വേൾഡ് ടൂറിസം കമ്പനി നൽകിയ ഹരജി വെള്ളിയാഴ്ചത്തെ പരിഗണന പട്ടികയിൽ ഉൾപ്പെടാതിരുന്നതാണ് സിംഗിൾബെഞ്ചിെൻറ വിമർശനത്തിന് ഇടയാക്കിയത്. കോട്ടയം വിജിലൻസ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി ജൂൺ 26ന് കോടതിയുടെ പരിഗണനക്കെത്തിയിരുന്നു.
വിജിലൻസിെൻറ എതിർ വാദത്തെ തുടർന്ന് കമ്പനിക്ക് കൂടുതൽ രേഖകൾ ഹാജരാക്കാൻ സമയം അനുവദിച്ച് ഹരജി ജൂലൈ ആറിന് പരിഗണിക്കാനായി മാറ്റുകയായിരുന്നു. രാവിലെ മറ്റു കേസുകൾ കോടതി പരിഗണിക്കുന്നതിനിടെ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റിവെച്ച ഹരജിയുടെ ഫയൽ ബെഞ്ച് മുമ്പാകെ എത്തിയിട്ടില്ലെന്നും പരിഗണന പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നും എതിർകക്ഷിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് രജിസ്ട്രിയിലെ ഉദ്യോഗസ്ഥരെ കോടതി വിമർശിച്ചത്. ഇതു സംബന്ധിച്ച വിശദീകരണം ഉച്ചക്ക് ചേംബറിലെത്തി നൽകാൻ ബന്ധപ്പെട്ട വിഭാഗത്തിലെ ഡെപ്യൂട്ടി രജിസ്ട്രാർ, അസി. രജിസ്ട്രാർ, സെക്ഷൻ ഒാഫിസർ എന്നിവരോട് കോടതി നിർദേശിച്ചു.
ഇതിന് ശേഷം ഇൗ കേസ് കോടതിയിൽ പരിഗണിക്കാനും തീരുമാനിച്ചു. ആശയ വിനിമയത്തിലുണ്ടായ പ്രശ്നമാണ് വീഴ്ചക്ക് ഇടയാക്കിയതെന്ന വിശദീകരണമാണ് ഉദ്യോഗസ്ഥർ നൽകിയത്. ഇൗ വാദം അംഗീകരിച്ച സിംഗിൾ ജഡ്ജ് കൂടുതൽ നടപടിക്ക് മുതിർന്നില്ല. തുടർന്ന് ഹരജി ജൂലൈ 11ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.