ലോറി ജീവനക്കാരുടെ വേഷത്തിൽ വിജിലൻസ്; വാളയാർ ചെക്ക്പോസ്റ്റിൽ കൈക്കൂലി പിടികൂടി
text_fieldsവാളയാർ: വാളയാർ മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കൈക്കൂലി പിടികൂടി. ലോറി ജീവനക്കാരുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൈക്കൂലിയായി പിരിച്ച 10,200 രൂപ കണ്ടെത്തിയത്. വ്യാഴാഴ്ച അർധരാത്രി തുടങ്ങിയ പരിശോധന പുലർച്ച രണ്ടരവരെ നീണ്ടു. തുടർന്ന് രേഖകൾ വിശദമായി പരിശോധിച്ചപ്പോൾ 31,500 രൂപ സർക്കാർ നികുതിയിനത്തിൽ കുറവുള്ളതായും കണ്ടെത്തി.
ഡ്യൂട്ടിയിലുണ്ടായിരുന്ന എം.വി.ഐയും മൂന്ന് എം.എം.വി.ഐമാരുമടക്കം നാല് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും യൂനിഫോം ധരിച്ചിരുന്നില്ല. ഇത് വിജിലൻസിനെ കബളിപ്പിക്കാനുള്ള നീക്കമാണെന്ന് അധികൃതർ പറഞ്ഞു. മേശക്കുള്ളിലും പേപ്പറിൽ ചുരുട്ടി മടക്കിയും ഉദ്യോഗസ്ഥരുടെ പോക്കറ്റിലുമായി സൂക്ഷിച്ച നോട്ടുകെട്ടുകളാണ് പിടിച്ചത്.
രാത്രി ലോറി ജീവനക്കാരുടെ വേഷത്തിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ മണിക്കൂറുകളോളം നിരീക്ഷിച്ച ശേഷമാണ് ചെക്ക്പോസ്റ്റിലേക്ക് കയറിയത്. ഇതിനിടയിൽ തന്നെ പത്തിലേറെ ലോറി ജീവനക്കാരുടെ കൈയിൽനിന്ന് ഉദ്യോഗസ്ഥർ പണം വാങ്ങിയതായി കണ്ടെത്തി.
ബന്ധപ്പെട്ട വകുപ്പ് മേധാവിക്ക് വിജിലൻസ് മേധാവി റിപ്പോർട്ട് കൈമാറുമെന്ന് വിജിലൻസ് ഡിവൈ.എസ്.പി എസ്. ഷംസുദ്ദീൻ അറിയിച്ചു. വിജിലൻസ് ഇൻസ്പെക്ടർ ഐ. ഫറോസ്, എസ്.ഐമാരായ ബി. സുരേന്ദ്രൻ, കെ. മനോജ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.ആർ. രമേഷ്, കെ. ഉവൈസ്, കെ. സന്തോഷ്, ആർ. ബാലകൃഷ്ണൻ, പൊതുമരാമത്ത് നിരത്ത് വിഭാഗം ഡെപ്യൂട്ടി എക്സിക്യൂട്ടിവ് എൻജിനീയർ കെ.എ. ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.