കൈക്കൂലി വാങ്ങുന്നതിനിടെ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ വിജിലൻസ് പിടിയിൽ
text_fieldsതിരുവനന്തപുരം: ജില്ലയിലെ ലീഗൽ മെട്രോളജിയിലെ ഡെപ്യൂട്ടി കൺട്രോളർ ബി.എസ്. അജിത് കുമാർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ. പെട്രോൾ പമ്പ് ഉടമയിൽ നിന്നും 8,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് പിടിയിലായത്.
പമ്പുകളിൽ കൃത്യമായ അളവിൽ പെട്രോൾ വിതരണം നടത്തുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിന് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ മൂന്ന് മാസത്തിൽ ഒരിക്കൽ പെട്രോൾ പമ്പിലെത്തി നോസിലുകൾ പരിശോധിച്ച് സീൽ ചെയ്യണം. ആക്കുളത്ത് പ്രവർത്തിക്കുന്ന നാഗരാജ് ആൻഡ് സൺസ് ഫ്യൂവൽ സ്റ്റേഷൻ ഉടമയായ സ്വരൂപ് പെട്രോൾ പമ്പിലെ ആറ് നോസിലുകളും പരിശോധിച്ച് സീൽ ചെയ്യുന്നതിന് തിരുവനന്തപുരം പട്ടത്തുള്ള ലീഗൽ മെട്രോളജി ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
പമ്പ് ഉടമയായ സ്വരൂപിനോട് ഡെപ്യൂട്ടി കൺട്രോളർ അജിത് കുമാർ പമ്പിൽ വന്ന് നോസിൽ പരിശോധിക്കുമ്പോൾ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സ്വരൂപ് തിരുവനന്തപുരം വിജിലൻസ് യൂനിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിനോദ് കുമാറിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് സംഘം കെണിയൊരുക്കി കാത്തിരിക്കുകയായിരുന്നു.
ചൊവ്വാഴ്ച മൂന്ന് മണിയോടെ ബി.എസ്. അജിത് കുമാർ മറ്റ് ഉദ്യോഗസ്ഥരുമായി ആക്കുളത്തുള്ള സ്വരൂപിന്റെ പെട്രോൾ പമ്പിലെത്തി. ആറ് പെട്രോൾ നോസിലുകൾ സീൽ ചെയ്തശേഷം കൂടെ വന്ന ഉദ്യോഗസ്ഥരെ മാറ്റി നിർത്തിയ ശേഷം സ്വരൂപിനോട് 12,000 രൂപ കൈകൂലിയായി ആവശ്യപ്പെട്ടു. ഇപ്പോൾ 8,000 രൂപ മാത്രമേയുള്ളുവെന്നും ബാക്കി പിന്നെ തരാമെന്നും സ്വരൂപ് പറഞ്ഞു. കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസ് ഉദ്യോഗസ്ഥർ കൈയോടെ അജിത് കുമാറിനെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാരാക്കി.
വിജിലൻസ് സംഘത്തിൽ തിരുവനന്തപുരം യൂനിറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് ആർ. വിനോദ് ഇൻസ്പെക്ടർമാരായ ടി.എസ്.സനൽ കുമാർ, സബ്ൻസ്പെക്ടർ കെ.വി. അജിത് കുമാർ, അസി. സബ് ഇൻസ്പക്ടർമാരായ എസ്.വി മധു, ബി.എം. അനിൽകുമാർ തുടങ്ങയവരടങ്ങിയ സംഘമാണ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.