ഹോംസ്റ്റേ ലൈസൻസിന് കൈക്കൂലി; ജില്ല ടൂറിസം ഇൻഫർമേഷൻ ഓഫിസറെ വിജിലൻസ് പിടികൂടി
text_fieldsആലപ്പുഴ: ഹോംസ്റ്റേക്ക് ലൈസൻസ് നൽകാൻ 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജില്ല ടൂറിസം ഇൻഫർമേഷൻ ഓഫിസർ വിജിലൻസ് പിടിയിൽ. ആലപ്പുഴ കാളാത്ത് കന്നിട്ടയിൽ കെ.ജെ. ഹാരിസിനെയാണ് (55) വിജിലൻസ് സംഘം പിടികൂടിയത്. പരാതി നിരീക്ഷിക്കാൻ മറ്റൊരു ഹോംസ്റ്റേ തുടങ്ങണമെന്ന പേരില്‍ ഹാരിസിനെ സമീപിച്ച് വേഷം മാറിയെത്തിയ വിജിലൻസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോടും 2000 രൂപ കൈക്കൂലി ചോദിച്ചു.
ആലപ്പുഴ മാരാരിക്കുളം സ്വദേശിയായ യു. മണി വീടിനോട് ചേർന്ന് നിർമിച്ച ഹോംസ്റ്റേയുടെ ലൈസൻസ് ലഭിക്കാൻ ജനുവരിയിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. അന്വേഷണത്തിൽ ജില്ല ടൂറിസം ഇൻഫർമേഷൻ ഓഫിസർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയാലേ അനുമതി ലഭിക്കൂവെന്ന് അറിഞ്ഞു. കഴിഞ്ഞദിവസം ഓഫിസിലെത്തി ഹാരിസിനെ കണ്ട് വിവരം അന്വേഷിച്ചപ്പോള്‍ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പരാതിക്കാരൻ വിവരം ആലപ്പുഴ വിജിലൻസ് ഡിവൈ.എസ്.പിയെ അറിയിച്ചതോടെ ഒരുക്കിയ കെണിയിലാണ് കുടുങ്ങിയത്. കോട്ടയം വിജിലൻസ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.