കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ
text_fieldsകൊല്ലം: കൊട്ടാരക്കര താലൂക്കിൽ മേലില വില്ലേജ് ഓഫിസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ജെ. അജയകുമാറിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു.
വിളക്കുടി വില്ലേജിലെ താമസക്കാരനായ പരാതിക്കാരന്‍ കേരള ബാങ്കിന്‍റെ കുന്നിയോട് ശാഖയില്‍നിന്ന് ലോണ്‍ എടുക്കുന്നതിനായി മേലില വില്ലേജിലെ വസ്തുവിന്റെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ലോക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ അറ്റാച്ച്മെന്‍റ് സര്‍ട്ടിഫിക്കറ്റ് എന്നിവ ആവശ്യപ്പെട്ടു സെപ്റ്റംബർ 30ന് വില്ലേജ് ഓഫിസര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.
പല പ്രാവശ്യം ചെന്നിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ പരാതിക്കാരന്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അജയകുമാറിനെ കണ്ടപ്പോള്‍ ഇയാൾ 1000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പരാതിക്കാരൻ വിവരം കൊല്ലം വിജിലൻസ് യൂനിറ്റ് ഡിവൈ.എസ്.പി അബ്ദുൽ വഹാബിനെ അറിയിച്ചു.
കെണിയൊരുക്കി ചൊവ്വാഴ്ച വൈകീട്ട് നാലോടെ വില്ലേജ് ഓഫിസിൽവെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൻസ്പെക്ടർമാരായ ബിജു, ജോഷി, ജി.എസ്.ഐമാരായ രാജേഷ്, ജയഘോഷ്, സിവിൽ ഉദ്യോഗസ്ഥരായ ഷിബു സക്കറിയ, ഗോപകുമാര്‍, ദേവപാലന്‍, ശരത്ത്, അജീഷ്, ഷൈന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറിലോ (1064), 8592900900 എന്ന നമ്പറിലോ വാട്സ്ആപ് നമ്പറിലോ (9447789100) അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.