ആർ.ടി.ഒ ഓഫിസിന് സമീപത്തെ കടയിൽ വിജിലൻസ് പരിശോധന; 1.59 ലക്ഷം പിടികൂടി
text_fieldsകോഴിക്കോട്: കോഴിക്കോട് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിനു കീഴിലെ ചേവായൂർ ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ കടയിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 1,59,390 രൂപ പിടികൂടി. മോട്ടോർ വാഹന വകുപ്പിന് കീഴിലെ എൻഫോഴ്സ്മെന്റ് വിഭാഗത്തിലും ഡ്രൈവിങ് ടെസ്റ്റ്, വാഹനരേഖ പുതുക്കൽ ഉൾപ്പെടെ സേവനം നടത്തുന്ന വിഭാഗത്തിലും വൻ അഴിമതി നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശപ്രകാരം കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ എസ്.പി പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
ചേവായൂർ ആർ.ടി.ഒ മൈതാനത്തിന് മുൻവശത്തെ ആർ.എം ബിൽഡിങ്ങിൽ ഓട്ടോ കൺസൽട്ടന്റ് റിബിൻ നടത്തുന്ന കടയിലായിരുന്നു പരിശോധന. പണത്തിന് പുറമെ, ഉദ്യോഗസ്ഥർ ഇടനിലക്കാരെ ഉപയോഗിച്ച് ഇടപാട് നടത്തുന്നതിന്റെ രേഖകൾ വിജിലൻസ് കണ്ടെടുത്തു.
വാഹന വകുപ്പ് ഓഫിസിൽ സൂക്ഷിക്കേണ്ട, ഉദ്യോഗസ്ഥരുടെ ഒപ്പോടുകൂടിയ രേഖകളും പിടികൂടിയിട്ടുണ്ട്. ഇടപാടുകാരിൽനിന്ന് നേരിട്ട് പണം വാങ്ങാതെ ഏജന്റുമാർ മുഖേനയാണ് ഇടപാടെന്ന് പരാതി ഉയർന്നിരുന്നു. ഇടപാടുകാർ നേരിട്ടുനൽകുന്ന അപേക്ഷകൾ നിരസിക്കുകയും ഏജന്റ് മുഖേന അനുവദിക്കുകയും ചെയ്യുന്നതിന്റെ തെളിവുകളും ലഭിച്ചു.
റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെ സേവനങ്ങളെല്ലാം കടയിൽനിന്ന് ലഭിക്കുന്നതായി കണ്ടെത്തി. വാഹനരേഖ പുതുക്കൽ സംബന്ധിച്ചും എൻഫോഴ്സ്മെന്റ് വിഭാഗം ലോറികൾ പരിശോധിച്ച് ഇടനിലക്കാർ മുഖേന പിരിവ് നടത്തുന്നതായും ട്രാൻസ്പോർട്ട് കമീഷണർക്ക് പരാതി ലഭിച്ചിരുന്നു.
കോഴിക്കോട് ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥൻ വാഹന പരിശോധനയുടെ പേരിൽ ഏജന്റിനെ നിയോഗിച്ച് പിരിവ് നടത്തുന്നതിന്റെയും വിവരം ലഭിച്ചിട്ടുണ്ട്. വിജിലൻസ് സ്പെഷൽ സെൽ ഡിവൈ.എസ്.പിമാരായ ശ്രീകുമാർ, രമേഷ്, ഇൻസ്‍പെക്ടർമാരായ സജീവൻ, പ്രമോദ്, എസ്.എസ്.ബി അംഗങ്ങളായ മാത്യു, വിഷ്ണു എന്നിവരടക്കം 15ഓളം ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.